കോട്ടയം: കുമരകത്തു നടക്കുന്ന ജി 20 ഡെവലപ്മെന്റ് വർക്കിംഗ് ഗ്രൂപ്പ് (ഡിഡബ്ല്യുജി) രണ്ടാമതു യോഗത്തിന്റെ രണ്ടാം ദിവസം ജി20 അംഗങ്ങൾ, ക്ഷണിതാക്കളായ ഒൻപതു രാജ്യങ്ങൾ, വിവിധ അന്താരാഷ്ട്ര, പ്രാദേശിക സംഘടനകൾ എന്നിവയിൽ നിന്നുള്ള എൺപതിലധികം പ്രതിനിധികൾ പങ്കെടുത്തു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറിമാരായ നാഗരാജ് കെ. നായിഡു, ഈനം ഗംഭീർ എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി.
തുടർന്നുള്ള സെഷനുകളിൽ, വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങളും സമകാലിക വെല്ലുവിളികളും തിരിച്ചറിഞ്ഞ് എസ്ഡിജികൾ കൈവരിക്കുന്നതിനുള്ള ജി20 പ്രതിബദ്ധത എങ്ങനെ ശക്തിപ്പെടുത്താമെന്നും സഹകരിച്ചും കൂട്ടായ പ്രവർത്തനം വഴിയും അവയെ എങ്ങനെ അഭിസംബോധന ചെയ്യാമെന്നും പ്രതിനിധികൾ ചർച്ച ചെയ്തു. ലോകം അഭിമുഖീകരിക്കുന്ന വികസന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ജി 20ക്കകത്തും പുറത്തും ഏകോപനവും പങ്കാളിത്തവും വർധിപ്പിക്കണമെന്ന ആവശ്യമുയർന്നു. ജി 20 ഷെർപ്പകൾക്കിടയിലും സാമ്പത്തിക രംഗത്തും ഐക്യരാഷ്ട്ര സംഘടനയിലും രാജ്യാന്തര സംഘടനകളിലും ലോകം നേരിടുന്ന വികസന പ്രശ്‌നങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.
സുസ്ഥിര വികസനം കൈവരിക്കുന്നതിനു ജി20യുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഏകോപനവും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ സംവിധാനങ്ങളെക്കുറിച്ച് ഒഇസിഡി, യുഎൻഡിപി എന്നിവയിൽ നിന്നുള്ള വിദഗ്ധർ വിശദീകരിച്ചു. എസ്ഡിജികളിലേക്കുള്ള പുരോഗതി ത്വരിതപ്പെടുത്തുന്നതിനുള്ള വികസ്വര രാജ്യങ്ങളുടെ താൽപര്യം സാക്ഷാത്കരിക്കുന്നതിൽ ധനസഹായത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്, 2030 അജണ്ട യാഥാർഥ്യമാക്കുന്നതിനുള്ള ഉത്തേജനത്തിന്റെ, രാഷ്ട്രീയവും വികസനപരവുമായ ആവശ്യങ്ങൾ ഉയർത്തിക്കാട്ടുന്ന ‘എസ്ഡിജി ഉത്തേജനം’ എന്ന വിഷയത്തിൽ യുഎൻഡിപി വിശദീകരണം നൽകി. ധനസമ്പാദനത്തിനു വികസ്വര രാജ്യങ്ങൾ നേരിടുന്ന തടസ്സങ്ങൾ പരിഹരിക്കുന്നതു സംബന്ധിച്ചു ഒഇസിഡി ബോധ്യപ്പെടുത്തി. പ്രതിനിധികൾ കായലിൽ സൂര്യാസ്തമയം കണ്ടും കേരളത്തിന്റെ പ്രാദേശിക സംസ്‌കാരം അനുഭവിച്ചറിഞ്ഞും യോഗത്തിന്റെ രണ്ടാം ദിവസം സമാപിച്ചു.