കൊച്ചി: ബ്രഹ്മപുരത്തെ വിവാദ കമ്പനിയായ സോൺട ഇൻഫ്രാടെക്കിനായി മുൻ ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസുമായി കൂടിക്കാഴ്ച നടത്തിയെന്ന് കൊച്ചിയിലെ ഇടനിലക്കാരൻ അജിത്ത് കുമാർ. സോൺട പ്രതിനിധികളുടെ ആവശ്യപ്രകാരമാണ് അന്ന് കൊച്ചിയിൽ ഉൾനാടൻ ജലഗതാഗത കോർപ്പറേഷൻ എംഡിയായിരുന്നപ്പോൾ ടോം ജോസിനെ കണ്ടത്. ടോം ജോസ് സംസ്ഥാന ചീഫ് സെക്രട്ടറിയായപ്പോഴാണ് മുഖ്യമന്ത്രിക്കൊപ്പം വിദേശ സന്ദർശനത്തിൽ സോൺടയുടെ പ്രതിനിധികളെ കാണുന്നതും പിന്നാലെ കരാർ അനുവദിക്കുന്നതെന്നും ഇടനിലക്കാൻ വെളിപ്പെടുത്തി. എന്നാൽ, ഇടനിലക്കാരെ അറിയില്ലെന്നും കൂടിക്കാഴ്ചയെ കുറിച്ച് ഓർമ്മയില്ലെന്നുമാണ് ടോം ജോസിൻ്റെ പ്രതികരണം.
2017-2018 കാലത്താണ് സോണ്ട ഇൻഫ്രാടെക്ക് കേരളത്തിലേക്ക് കടന്നുവരുന്നത്. ആദ്യം കോഴിക്കോട്ടെ മാലിന്യ പദ്ധതിയായിരുന്നു ലക്ഷ്യം. കമ്പനിയുടെ പ്രതിനിധി വിനു ജോസ് അന്ന് അഡി. ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസിലേക്ക് എത്താൻ തങ്ങളെ ബന്ധപ്പെട്ടുവെന്നും, ഇടനിലക്കാരായ പൗളി ആൻറണിയും മോഹൻ വെട്ടത്തും വഴി ടോം ജോസുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ഇടനിലക്കാരൻ അജിത്ത് കുമാറിൻറെ വെളിപ്പെടുത്തൽ. കരാർ നടപടികൾ തുടങ്ങുന്നതിന് മുന്നെ ആയിരുന്നു ടോം ജോസുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ സോൺടക്ക് കരാർ ലഭിച്ചതോടെ തങ്ങൾ പുറത്തായെന്നും അജിത്ത് പറയുന്നു.
ടോം ജോസ് ചീഫ് സെക്രട്ടറിയായ ശേഷം മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിൽ സോൺട പ്രതിനിധികളുമായി നെതർലാൻസിൽ ചർച്ച നടത്തിയിരുന്നു. പിന്നീടാണ് വേസ്റ്റ് ടു എനർജി പദ്ധതികളിൽ സോൺടക്ക് എതിരാളികളില്ലാതെ കരാർ ലഭിക്കുന്നത്. പ്ലാൻറിൽ മാലിന്യം എത്തുമ്പോൾ തദ്ദേശ സ്ഥാപനങ്ങൾ അങ്ങോട്ട് കമ്പനിക്ക് പണം നൽകുന്ന ടിപ്പിംഗ് ഫീസ് ഭീമമായ നിരക്കിലാണ് സോൺട നേടിയെടുത്തത്. കമ്പനിക്ക് അനുകൂലമായ ഈ വ്യവസ്ഥ 2019 മാർച്ചിൽ പരിഗണിച്ചതും ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ്.
പിന്നാലെ സർക്കാരും ടിപ്പിംഗ് ഫീസിന് അംഗീകാരം നൽകി. ടോം ജോസുമായി തുടർ ചർച്ച നടത്തിയെന്ന് അജിത്ത് പരാമർശിക്കുന്ന പൗളി ആൻറണി ലയസണിംഗിനായി സോൺട എംഡി രാജ്കുമാർ ചെല്ലപ്പനുമായി മൂന്നരക്കോടിയുടെ കരാർ ഒപ്പിട്ടിരുന്നു. കോഴിക്കോട് കരാർ ലഭിച്ചതോടെ പൗളി ആൻറണിയെയും സോൺട ഒഴിവാക്കി. കേരളത്തിൽ തൊട്ടതെല്ലാം കുളമാക്കിയ കമ്പനിയെ തള്ളിപറയാൻ ഇപ്പോഴും സർക്കാർ തയ്യാറായിട്ടി. വഴിവിട്ട സഹായങ്ങൾ കിട്ടിയെന്ന് ആക്ഷേപമുള്ള കമ്പനിക്ക് ബ്രഹ്മപുരം തീപിടുത്തത്തിന് ശേഷവും സംരക്ഷണം കിട്ടുന്നുവെങ്കിൽ ആരാകും കേരളത്തിൽ സോൺടയുടെ ഗോഡ് ഫാദർ എന്നാണ് ഉയരുന്ന ചോദ്യം.