KeralaNEWS

കല്ലാറ്റില്‍ കുളിക്കാനിറങ്ങിയ മുത്തശ്ശിയാന ചരിഞ്ഞു; മണിക്കൂറുകളോളം കാവല്‍നിന്ന് കുട്ടിക്കൊമ്പന്‍

പത്തനംതിട്ട: കല്ലാറ്റില്‍ കുളിക്കാനിറങ്ങിയ മുത്തശ്ശിയാന ചരിഞ്ഞു. കോന്നി വന മേഖലയില്‍ പെട്ട തേക്കുതോട് ഏഴാംതല പുളിഞ്ചാല്‍ ജനവാസ മേഖലയ്ക്ക് സമീപം കല്ലാറ്റിലിറങ്ങിയ മൂത്തശ്ശിയാന ആണ് ചരിഞ്ഞത്. ഇതോടെ തണലായി ഒപ്പമുണ്ടായിരുന്ന കുട്ടിക്കൊമ്പന് ഒറ്റയ്ക്കു കാട്ടിലേക്ക് മടങ്ങേണ്ടി വന്നു. തേക്കുതോട് ഏഴാംതല പുളിഞ്ചാല്‍ ജനവാസ മേഖലയ്ക്ക് സമീപം കല്ലാറ്റിലിറങ്ങിയ കാട്ടാനയ്‌ക്കൊപ്പമായിരുന്നു കുട്ടിക്കൊമ്പന്‍ കാടിറങ്ങിയത്.

സ്ഥിരമായി കൊച്ചു കൊമ്പനുമായി ആറ്റില്‍ നീരാട്ടിനിറങ്ങിയിരുന്ന മുത്തശ്ശി അവിടെ തന്നെ ചരിയുകയായിരുന്നു. ചരിഞ്ഞ പിടിയാനയ്ക്ക് ഏകദേശം 50 വയസ്സും കുട്ടിക്കൊമ്പന് 7 വയസ്സും പ്രായം വനപാലകര്‍ കണക്കാക്കുന്നു.

Signature-ad

കഴിഞ്ഞ കുറെ ദിവസങ്ങളായി രാത്രിയില്‍ ഈ മുത്തശ്ശിയാനയും കുട്ടിക്കൊമ്പനും സമീപത്തെ റബര്‍ തോട്ടത്തിലും വനാതിര്‍ത്തിയിലും ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ബുധനാഴ്ച രാവിലെ റബര്‍ തോട്ടത്തിലൂടെ കല്ലാറ്റിലേക്ക് ഇരുവരും ഇറങ്ങി. എന്നാല്‍ പിടിയാന പെട്ടെന്ന് അവശനിലയിലായി. ഇതോടെ പിടിയാനയ്ക്ക് തുണയായി കുട്ടിക്കൊമ്പന്‍ കൂട്ടായി കൂടി.

അവശത കൂടിയ പിടിയാന വൈകാതെ കല്ലാറ്റിലേക്ക് തന്നെ ചരിഞ്ഞു. ഇതോടെ സങ്കടപ്പെട്ട് തുമ്പിക്കൈ വെള്ളത്തിലടിച്ചും കല്ലാറ്റില്‍ ചുറ്റിത്തിരിഞ്ഞും കുട്ടിക്കൊമ്പന്‍ മണിക്കൂറുകളോളം അരികിലുണ്ടായിരുന്നു. ചരിഞ്ഞ ആനക്ക് അടുത്തേക്ക് ആളുകളെ ആരെയും അടുപ്പിച്ചതുമില്ല. ആന ചരിഞ്ഞതറിഞ്ഞെത്തിയ വനപാലകര്‍ കുട്ടിക്കൊമ്പനെ വനത്തിലേക്ക് വിരട്ടി ഓടിക്കുകയായിരുന്നു.

വേനല്‍ മഴ കനക്കുകയും കല്ലാറ്റിലെ ജല നിരപ്പ് ഉയരുകയും ചെയ്താല്‍ പിടിയാനയുടെ ജഡം ഒഴുകി പോകാന്‍ സാധ്യതയുള്ളതിനാല്‍ വനപാലകര്‍ ആദ്യം തന്നെ ജഡം വടത്തില്‍ കെട്ടി നിര്‍ത്തിയിരുന്നു. ഇന്നലെ പകല്‍ 12 ഓടെയാണ് പോസ്റ്റ്മോര്‍ട്ടം ആരംഭിച്ചത്. തുടര്‍ന്ന് ജഡം പുളിഞ്ചാലില്‍ വനത്തിനുള്ളിലെത്തിച്ച് സംസ്‌കരിച്ചു. രാവിലെ തന്നെ മൃഗ ഡോക്ടര്‍മാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ജഡം കിടന്നിടത്ത് എത്തിയിരുന്നു. എന്നാല്‍ ആനയുടെ ജഡം മണ്ണുമാന്തി ഉപയോഗിച്ച് കരയ്ക്ക് കയറ്റാന്‍ ഏറെ പണിപ്പെട്ടു. തുടര്‍ന്നാണ് പോസ്റ്റ്മോര്‍ട്ടം ആരംഭിച്ചത്.

സാമ്പിളുകള്‍ ശേഖരിച്ചത് പരിശോധനയ്ക്ക് അയയ്ക്കും. തേക്കടിയില്‍ നിന്നുള്ള ഫോറസ്റ്റ് മൃഗഡോക്ടര്‍ അനുരാജ്, വെച്ചൂച്ചിറ മൃഗാശുപത്രി ഡോക്ടര്‍ ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. തേറ്റകള്‍ വനംവകുപ്പിനെ ഏല്‍പ്പിച്ചു. വൈകിട്ടോടെ ജഡം സംസ്‌കരിച്ചു. വ്യാഴാഴ്ച രാവിലെയും കുട്ടിക്കൊമ്പന്‍ പ്രദേശത്തെത്തിയിരുന്നു.

Back to top button
error: