NEWSWorld

ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിനു തിരിച്ചടി; ലെബനനിലും ഗാസയിലും ഇസ്രയേല്‍ വ്യോമാക്രമണം

ജെറുസലേം: ലെബനനില്‍നിന്ന് വ്യാപകമായ റോക്കറ്റ് ആക്രമണം ഉണ്ടായതിനു പിന്നാലെ ലെബനനിലും ഗാസയിലും വ്യോമാക്രമണം നടത്തി ഇസ്രയേല്‍. പലസ്തീനിലെ ഹമാസിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ദക്ഷിണ ലെബനനിലെ ഹമാസ് കേന്ദ്രങ്ങള്‍ക്കു നേരെ കടുത്ത ആക്രമണം നടത്തിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് അറിയിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ ജറുസലമിലെ അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രയേല്‍ പോലീസും പലസ്തീനികളും തമ്മില്‍ സംഘര്‍ഷം ഉണ്ടായതോടെയാണ് മേഖലയില്‍ വീണ്ടും സംഘര്‍ഷം കടുത്തത്. പള്ളിയില്‍ ഇസ്രയേല്‍ സേന അതിക്രമം നടത്തിയെന്നാരോപിച്ച് ഗാസയില്‍നിന്ന് ഹമാസ് ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ തൊടുത്തു. ഇതിനു തിരിച്ചടിയായാണ് ഇസ്രയേല്‍ ഗാസയില്‍ വ്യോമാക്രമണം നടത്തിയതെന്നാണു റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ കടന്നു കയറ്റം കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് റോക്കറ്റ് ആക്രമണം നടക്കുമ്പോള്‍ ലെബനനിലുണ്ടായിരുന്ന ഹമാസ് മേധാവി ഇസ്മയില്‍ ഹനിയ പറഞ്ഞിരുന്നു.

Signature-ad

അല്‍ അഖ്‌സ പള്ളിയിലെ പോലീസ് നടപടിയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റിരുന്നു. ബുധനാഴ്ച രാവിലെ നമസ്‌കാരത്തിനെത്തിയ യുവാക്കളെ ഗേറ്റില്‍ ഇസ്രയേല്‍ തടഞ്ഞതാണു സംഘര്‍ഷത്തിനു തുടക്കമെന്ന് റിപ്പോര്‍ട്ടുണ്ട്. പള്ളിവളപ്പില്‍നിന്ന് കല്ലെറിഞ്ഞതുകൊണ്ടാണു തിരിച്ചടിച്ചതെന്നാണ് ഇസ്രയേല്‍ സേനയുടെ വിശദീകരണം. വിശ്വാസികള്‍ക്കുനേരെയുണ്ടായ അതിക്രമത്തെ അറബ് ലീഗ് അപലപിച്ചു. സ്ഥിതി ശാന്തമാക്കാന്‍ ശ്രമിക്കുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.

Back to top button
error: