KeralaNEWS

എ.കെ. ആന്റണിയുടെ മകൻ അനിൽ ആൻറണിയുടെ ബിജെപി പ്രവേശനം നിരാശാജനകമെന്ന് ശശി തരൂർ

ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആൻറണിയുടെ ബിജെപി പ്രവേശനം നിരാശാജനകമായ തീരുമാനമെന്ന് ശശി തരൂർ എംപി. കോൺഗ്രസിനെ ഉള്ളിൽ നിന്ന് ശക്തിപ്പെടുത്താനായി പാർട്ടിയിൽ പ്രവർത്തിക്കാൻ താൻ ആവശ്യപ്പെട്ടിരുന്നു. മതേതര നിലപാടുള്ളവർക്ക് പ്രവർത്തിക്കാൻ ബിജെപി ഒരിക്കലും നല്ല ഇടമാകില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.

കോണ്‍ഗ്രസിന് പ്രഹരം നല്‍കിയാണ് അനില്‍ ആന്‍റണി ബിജെപിയിൽ ചേർന്നത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അനിലിന് അംഗത്വം നല്‍കി. ധര്‍മ്മത്തെ രക്ഷിച്ചാല്‍ ധര്‍മ്മം നമ്മെ രക്ഷിക്കുമെന്ന സംസ്കൃത ശ്ലോകം ചൊല്ലിയായിരുന്നു അനിലിന്‍റെ ബിജെപി പ്രവേശം. കോണ്‍ഗ്രസ് കുടുംബ പാര്‍ട്ടിയാണെന്ന് ബിജെപി അംഗത്വം സ്വീകരിച്ച അനില്‍ ആന്‍റണി പരിഹസിച്ചു.

Signature-ad

പാര്‍ട്ടി അംഗമായ അനില്‍ ആന്‍റണി പിന്നീട് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയെ സന്ദര്‍ശിച്ചു. അനിലിന് ഏത് പദവി നല്‍കും എന്നതിലടക്കമുള്ള തീരുമാനങ്ങള്‍ വരും ദിവസങ്ങളിലുണ്ടാകും. ദേശീയ തലത്തില്‍ പരിഗണിക്കാന്‍ ആലോചനകളുണ്ടെങ്കിലും, ലോക് സഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ബിജെപിയുടെ പരിഗണനയിലുണ്ട്.

മകന്റെ ബിജെപി പ്രവേശനത്തോട് വളരെ വികാരാധീതനായാണ് ആന്റണി പ്രതികരിച്ചത്. ബിജെപിയിൽ ചേർന്ന അനിലിന്റെ തീരുമാനം വേദനയുണ്ടാക്കിയെന്നും തികച്ചും തെറ്റായ തീരുമാനമായിപ്പോയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യം സംരക്ഷിക്കാൻ വിട്ടു വീഴ്ചയില്ലാതെ പോരാടിയത് ഗാന്ധി കുടുംബമാണ്. മരണം വരെയും എന്റെ കൂറ് ആ കുടുംബത്തോടായിരിക്കും. അവസാന ശ്വാസം വരെയും താൻ കോൺഗ്രസുകാരനായിരിക്കുമെന്നും എത്രനാൾ ജീവിച്ചിരുന്നാലും താൻ ബിജെപിക്കും ആർഎസ് എസിനുമെതിരെ ശബ്ദമുയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനിൽ ആന്റണി ബി.ജെ.പിയുടെ കെണിയിൽ വീഴുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു. ബിജെപി ബാന്ധവത്തിന് കാരണമായി തീർത്തും വിചിത്രമായ കാര്യങ്ങളാണ് അനിൽ ആന്റണി പറയുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. അതിലെ അപകടം പിന്നാലെ ബോധ്യപ്പെടും. തീർത്തും അപക്വമായ ഈ തീരുമാനത്തിൽ അനിൽ ആന്റണിക്ക് പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നും സതീശൻ തുറന്നടിച്ചു.

Back to top button
error: