പാലക്കാട്: പ്രവാസ ജീവിതം അവസാനിപ്പിച്ച് വാഹന മോഷണം തൊഴിലാക്കിയ രണ്ട് പേർ ചാലിശ്ശേരി പൊലീസിന്റെ പിടിയിലായി. തൃശൂർ തലപ്പള്ളി സ്വദേശികളായ സി കെ ഉമ്മർ, അബ്ദുൽ ഗഫൂർ എന്നിവരെയാണ് ഏറെ നാളത്തെ അന്വേഷണത്തിനൊടുവിൽ പൊലീസ് പിടികൂടിയത്. വാഹനങ്ങൾ മോഷ്ടിച്ച് കൊണ്ടുപോയി ആക്രിവാഹനങ്ങളാക്കി മാറ്റി വിൽപ്പന നടത്തുകയായിരുന്നു പ്രതികളുടെ രീതി. രണ്ട് വർഷത്തിനിടെ ഇരുപതിലേറെ ബൈക്കുകളും ഒരു കാറും ആറോളം പെട്ടി ഓട്ടോറിക്ഷകളുമാണ് പ്രതികൾ മോഷ്ടിച്ച് ആക്രി വിൽപ്പന നടത്തിയത്.
പ്രവാസ ജീവിതം അവസാനിപ്പിച്ച് രണ്ട് വർഷം മുൻപാണ് ഇവർ നാട്ടിലെത്തി വാഹന മോഷണത്തിലേക്ക് കടന്നത്. ആളില്ലാത്ത ഇടങ്ങളിൽ നിർത്തിയിട്ട ഇരുചക്രവാഹനങ്ങൾ കണ്ടെത്തിയ ശേഷം പെട്ടി ഓട്ടോയിലെത്തി വാഹനം കടത്തിക്കൊണ്ടുപോവുകയായിരുന്നു ഇരുവരുടെയും മോഷണ രീതി. ഈ രീതിയിലുള്ള മോഷണങ്ങൾ വർദ്ധിച്ചതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. സിസിവിടി ക്യാമറാ ദൃശ്യങ്ങൾ ശേഖരിച്ചും പട്ടാമ്പി ഓങ്ങല്ലൂരിലെ ആക്രി കടകൾ കേന്ദ്രീകരിച്ചും പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചത്. തൃശൂർ വരവൂർ ഭാഗത്ത് നിന്നും കഴിഞ്ഞ ദിവസം പൊലീസ് ഇരുവരെയും പിടികൂടുകയായിരുന്നു.