KeralaNEWS

എ.രാജയുടെ നിയമസഭാംഗത്വം റദ്ദു ചെയ്ത് വിജ്ഞാപനം പുറപ്പെടുവിക്കണം, കീഴ്‌വഴക്കം മറന്ന് സംരക്ഷണം നല്കുന്നത് ഇരട്ടത്താപ്പെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: ദേവികുളം എംഎൽഎ എ.രാജയുടെ തെരഞ്ഞെടുപ്പ് സ്റ്റേയുടെ സമയപരിധി ഹൈക്കോടതി നീട്ടിക്കൊടുക്കാതിരുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ നിയമസഭാംഗത്വം റദ്ദു ചെയ്ത് നിയമസഭാ സെക്രട്ടറി ഉടനടി വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. കേരളത്തിൽ ഇതിനുമുമ്പ് സ്റ്റേയുടെ കാലാവധി തീർന്ന ഉടനേ അംഗത്വം റദ്ദാക്കി നിയമസഭാ സെക്രട്ടറി വിജ്ഞാപനം പുറപ്പെടുവിച്ചതാണ് ഇടതുപക്ഷ സർക്കാരുകളുടെ കീഴ്‌വഴക്കം. എന്നാൽ സ്വന്തം മുന്നണിയിലെ ദേവികുളം എംഎൽഎയ്ക്ക് ഈ കീഴ്‌വഴക്കം മറന്ന് സംരക്ഷണം നല്കുന്നത് ഇരട്ടത്താപ്പാണെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.

മാർച്ച് 20നാണ് ദേവികുളം എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. അദ്ദേഹത്തിന് അനുവദിച്ച 10 ദിവസത്തെ സ്‌റ്റേയുടെ കാലാവധി ഏപ്രിൽ 31ന് തീരുകയും കാലാവധി നീട്ടാൻ ഹൈക്കോടതി വിസമ്മതിക്കുകയും ചെയ്തു. ഇതോടെ രാജയുടെ നിയമസഭാംഗത്വം ഇല്ലാതായി. സുപ്രീംകോടതി കേസ് പരിഗണനയ്ക്ക് എടുത്തിട്ടുമില്ല. സ്‌റ്റേ തീരുന്നതിന്റെ തൊട്ടടുത്ത ദിവസംതന്നെ അംഗത്വം റദ്ദാക്കുന്നതാണ് ഇടതുസർക്കാരുകളുടെ കാലത്തെ കീഴ്‌വഴക്കം. 1997ൽ തമ്പാനൂർ രവിയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവായി പ്രഖ്യാപിക്കുകയും 10.11.1997ൽ സ്‌റ്റേയുടെ സമയപരിധി തീർന്നതിന്റെ പിറ്റേ ദിവസം 11.11.1997ൽ അദ്ദേഹത്തിന്റെ നിയമസഭാംഗത്വം റദ്ദു ചെയ്ത് നിയമസഭാ സെക്രട്ടറി വിജ്ഞാപനം ഇറക്കുകയും ചെയ്തു. കെ എം ഷാജിയുടെ നിയമസഭാംഗത്വം നിയമസഭാംഗത്വം 9.11.2018ൽ ഹൈക്കോടതി അസാധുവായി പ്രഖ്യാപിക്കുകയും 23.11.2018 വരെ സ്റ്റേ നല്കുകയും ചെയ്തിരുന്നു. സ്റ്റേ നീട്ടാതിരുന്ന സാഹചര്യത്തിൽ അടുത്ത ദിവസം 24.11.2018ൽ അദ്ദേഹത്തിന്റെ നിയമസഭാംഗത്വം റദ്ദാക്കി നിയമസഭാ സെക്രട്ടറി വിജ്ഞാപനമിറക്കി. രണ്ടും ഇടതുസർക്കാരുകളുടെ കാലത്തെ സംഭവങ്ങളാണ്.

Signature-ad

വ്യാജരേഖകൾ ഹാജരാക്കി ദേവികുളത്ത് മത്സരിച്ച കുറ്റത്തിന് എ രാജയ്‌ക്കെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തി ക്രിമിനൽ കേസെടുക്കാൻ ഡിജിപിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് നല്കണമെന്ന് ആവശ്യപ്പെട്ടിട്ടും സർക്കാരിനെ ഭയന്ന് നീതി നിർവഹിക്കപ്പെടുന്നില്ല. വ്യാജജാതി സർട്ടിഫിക്കറ്റ് സംഘടിപ്പിക്കുക, രേഖകളിൽ കൃത്രിമത്വം കാട്ടുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ സിപിഎമ്മുകാർ ചെയ്താൽ അതു കാണാൻ ഇവിടെ സർക്കാരോ, പോലീസോ മറ്റു സംവിധാനങ്ങളോ ഇല്ലെന്നും നിയമവാഴ്ചയുടെ സമ്പൂർണ തകർച്ചയാണിതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

Back to top button
error: