
ന്യൂഡല്‍ഹി: വീട്ടില്‍ ഡി.ജെ. പാര്‍ട്ടിക്കിടെ ഉച്ചത്തില്‍ പാട്ടുവെച്ചതിനെ എതിര്‍ത്ത ഗര്‍ഭിണിയെ വെടിവെച്ചുകൊന്നു. ഡല്‍ഹിയിലെ സിറാസ്പുരിലാണ് സംഭവം. രഞ്ജു(30) എന്നു പേരുള്ള സ്ത്രീയാണ് മരിച്ചത്. ഇവര്‍ എട്ടു മാസം ഗര്‍ഭിണിയായിരുന്നു. ഇവരുടെ അയല്‍വാസി ഹരീഷ് രഞ്ജുവിനുനേരെ നിറയൊഴിക്കുകയായിരുന്നു. സുഹൃത്തായ അമിത്തിന്റെ തോക്കുപയോഗിച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ ഇരുവരെയും ഡല്‍ഹി പോലീസ് അറസ്റ്റുചെയ്തു.
രാത്രി 12.15-ന് പോലീസ് കണ്ട്രോള് റൂമില്‍നിന്നു വന്ന ഫോണ്‍ വിളിയുടെ അടിസ്ഥാനത്തില്‍ സിറാസ്പുരിലെത്തിയതായിരുന്നു പോലീസ്. സ്ഥലത്തെത്തിയപ്പോഴേക്കും രഞ്ജുവിനെ വെടിയേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ചിരുന്നു.
സംഭവത്തിന് സാക്ഷിയായ രഞ്ജുവിന്റെ സഹോദരന്റെ ഭാര്യയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഹരീഷിന്റെ വീട്ടില്‍ ഞായറാഴ്ച ഉച്ചത്തില്‍ ഡി.ജെ. പാര്‍ട്ടി നടക്കുകയായിരുന്നെന്നും ഇതേത്തുടര്‍ന്ന് രഞ്ജു വീടിന്റെ ബാല്ക്കണിയിലേക്കിറങ്ങിവന്ന് പാട്ടുനിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ ഹരീഷ് സുഹൃത്തിന്റെ തോക്കുവാങ്ങി രഞ്ജുവിനു നേരെ നിറയൊഴിച്ചു. വെടികൊണ്ട രഞ്ജു നിലത്തുവീണു. ദൃക്സാക്ഷി മൊഴി നല്കി.






