കഴിഞ്ഞ ആഴ്ചയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗം രണ്ട് മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് ആദരാഞ്ജലി അർപ്പിച്ചു .തരുൺ ഗൊഗോയ്ക്കും അഹമ്മദ് പട്ടേലിനും .ഇരുവരും കോവിഡിന് കീഴടങ്ങുക ആയിരുന്നു .എന്നാൽ അഹമ്മദ് പട്ടേലിനുള്ള ആദരാഞ്ജലി അർപ്പിക്കൽ ചടങ്ങ് വേറിട്ട് നിന്നു .
“യുവത്വത്തിന്റെ പ്രസരിപ്പും മുതിർന്നവരുടെ അനുഭവ സമ്പത്തും ക്രോഡീകരിച്ച് പാർട്ടിയ്ക്ക് വേണ്ടി ഉപയോഗിക്കാൻ അഹമ്മദ് പട്ടേലിന് കഴിഞ്ഞു .അഹമ്മദ് ഭായ്ക്ക് വ്യക്തിപരമായ താല്പര്യങ്ങൾ ഉണ്ടായിരുന്നില്ല .അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പാർട്ടിയ്ക്ക് വേണ്ടി ആയിരുന്നു .”പ്രവർത്തക സമിതി അനുശോചന പ്രമേയത്തിൽ പറഞ്ഞു .
അഹമ്മദ് പട്ടേൽ വഹിച്ചിരുന്ന കോൺഗ്രസ് ഖജാൻജി സ്ഥാനം പവൻ കുമാർ ബൻസാലിനെ ഏൽപ്പിച്ചു .ഈ തെരഞ്ഞെടുപ്പ് പലരെയും അമ്പരപ്പിച്ചു എന്നത് യാഥാർഥ്യം .എന്നാൽ ഗാന്ധി കുടുംബത്തിന്റെ വിശ്വാസ്യത ആർജിച്ചയാളും കോൺഗ്രസ് മുഖ്യമന്ത്രിമാരോട് ഫണ്ട് തരൂ എന്ന് ആജ്ഞാപിക്കാനും ഇത്ര ഫണ്ട് ചിലവാക്കിയാൽ മതി എന്ന് നേതാക്കളോട് അഭ്യർത്ഥിക്കാനും പറ്റിയ നേതാവ് ബൻസാൽ തന്നെയാണെന്നത് നേതാക്കൾക്ക് തീർച്ചയാണ് .
രാഷ്ട്രീയ ഉപദേശകൻ എന്ന നിലയിൽ മറ്റൊരു അഹമ്മദ് പട്ടേൽ രാഹുൽ യുഗത്തിൽ വേണമോ എന്നതാണ് ഉയരുന്ന ചോദ്യം .പാർട്ടിയിൽ മുതിർന്നവരും ചെറുപ്പക്കാരും തമ്മിലുള്ള മാനസിക യുദ്ധം പരസ്യമായ രഹസ്യമാണ് .ഇതിൽ മുതിർന്നവർ ആശ്രയിച്ചിരുന്ന നേതാവാണ് സോണിയ ഗാന്ധിയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേൽ .
സച്ചിൻ പൈലറ്റിനെതിരായ രാജസ്ഥാൻ യുദ്ധത്തിൽ അശോക് ഗെഹ്ലോട്ടിനു ആവോളം പിന്തുണ അഹമ്മദ് പട്ടേലിൽ നിന്ന് ലഭിച്ചിരുന്നു .സച്ചിനടക്കമുള്ള യുവതുർക്കികൾക്ക് അഹമ്മദ് പട്ടേലുമായി വ്യക്തിബന്ധം ഇല്ലായിരുന്നു താനും .
രാഹുൽ ഗാന്ധിയുടെ പാർട്ടിക്കുള്ളിലെ പോരാട്ടം അഹമ്മദ് പട്ടേലുമായി കൂടി ഉള്ളതായിരുന്നു .’അമ്മ സോണിയയോടുള്ള ആത്മാർത്ഥ ബന്ധം രാഹുലുമായി പട്ടേലിന് ഇല്ലായിരുന്നു .പലപ്പോഴും അത് പ്രകടമായിരുന്നു താനും .
രണ്ടാമതും മോഡി അധികാരത്തിൽ ഏറിയ തെരഞ്ഞെടുപ്പിന് ശേഷം രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത് മുതിർന്ന നേതാക്കളെ പരസ്യമായി കുറ്റപ്പെടുത്തിക്കൊണ്ടാണ് .”കാവൽക്കാരൻ കള്ളനാണ് “എന്ന തന്റെ മുദ്രാവാക്യം ഏറ്റെടുക്കാൻ ഒരു മുതിർന്ന നേതാവും തയ്യാറായില്ലെന്ന് രാഹുൽ തുറന്നടിച്ചു .സ്വന്തം പാർട്ടിയിലെ മുതിർന്നവർ രാഹുലിന്റെ മുദ്രാവാക്യം ഏറ്റെടുത്തില്ലെങ്കിൽ വോട്ടർമാർ അത് സ്വീകരിക്കുമോ എന്ന് പല യുവ നേതാക്കളും അടക്കം പറഞ്ഞു .അക്കാലത്തെ രാഹുലിന്റെ തീരുമാനക്കമ്മിറ്റിയിൽ നിന്ന് അഹമ്മദ് പട്ടേൽ പുറത്തായിരുന്നു താനും .
പട്ടേലിന്റെ വസതിയിൽ അതൃപ്തരായ മുതിർന്ന നേതാക്കൾ അക്കാലത്ത് ഒത്തുകൂടാറുണ്ടായിരുന്നു .എന്നാൽ നിർണായക ഘട്ടങ്ങളിൽ ഇതെല്ലാം മറന്ന് പട്ടേൽ അവസരത്തിനൊത്ത് ഉയരുന്നതും കാണാമായിരുന്നു .പാർട്ടിയിലെ മുതിർന്ന 23 പേർ നേതൃത്വത്തിനെതിരെ കത്തെഴുതിയപ്പോൾ ഇത് സുവ്യക്തം ആയിരുന്നു .പട്ടേലിനെ പൂർണമായി മാറ്റിനിർത്തി രാജസ്ഥാൻ ,മഹാരാഷ്ട്ര വിഷയങ്ങൾ പരിഹരിക്കാൻ കഴിയുമായിരുന്നില്ല .കാരണം സോണിയ ഗാന്ധിയ്ക്ക് അഹ്മദ് പട്ടേലിന്റെ അഭിപ്രായം വേണമായിരുന്നു .
രാഹുൽ ഗാന്ധി വീണ്ടും അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുക ആണെങ്കിൽ മറ്റൊരു പട്ടേൽ ആ സ്ഥാനത്ത് ഉണ്ടാകാൻ ഇടയില്ല .ഒരാൾക്ക് പകരം യുവത്വം നിറഞ്ഞ ഒരു ടീം ആകാൻ ആണ് സാധ്യത .മാത്രമല്ല തീരുമാനമെടുക്കുമ്പോൾ ഒരു പട്ടേലിന്റെ ചെറുത്ത് നിൽപ്പും നേരിടേണ്ടി വരില്ല .
അഹമ്മദ് ഭായ് ഇല്ല എന്നത് മുതിർന്ന നേതാക്കളെ അലട്ടും എന്നത് തീർച്ച .കത്തെഴുതിയ മുതിർന്നവരിൽ ആരും രാഹുലിന്റെ ടീമിൽ ഉണ്ടാകണമെന്ന് നിർബന്ധവുമില്ല .
അഹമ്മദ് ഭായിക്ക് വ്യക്തിതാല്പര്യം ഉണ്ടായിരുന്നില്ല എന്ന പ്രമേയത്തിലെ വാചകം പല മുതിർന്ന നേതാക്കളെയും ഉന്നം വച്ചായിരിക്കുമെന്നത് തീർച്ച .എന്തായാലും മരണത്തോടെ കോൺഗ്രസിലെ ഒരു ശാക്തിക യുദ്ധം അഹമ്മദ് പട്ടേൽ അവസാനിപ്പിച്ചിരിക്കുന്നു .അഹമ്മദ് പട്ടേൽ കാലഘട്ടം അവസാനിച്ചു .ഇനി യുവാക്കൾക്ക് ചുമതല ഏറ്റെടുക്കാം .