CrimeNEWS

എലത്തൂർ ട്രെയിൻ ആക്രമണം: പ്രതിക്കായുള്ള തെരച്ചിൽ ഊർജിതം; എടിഎസ് കസ്റ്റഡിയിൽ ആരുമില്ലെന്ന് ഐജി പി. വിജയൻ

മലപ്പുറം: കോഴിക്കോട് എലത്തൂർ ട്രെയിൻ ആക്രമണക്കേസിൽ കസ്റ്റഡിയിൽ ആരുമില്ലെന്ന് എടിഎസ് (ആന്റി ടെററിസം സ്ക്വാഡ്) ഐജി പി വിജയൻ. 18 അം​ഗ സംഘമാണ് കേസ് അന്വേഷിക്കുക. പ്രതിക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. എഡിജിപി അജിത് കുമാർ അന്വേഷണത്തിന് നേതൃത്വം നൽകും. മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പി വിക്രമനാണ് അന്വേഷണ ഉദ്യോ​ഗസ്ഥൻ. ഇന്നലെയാണ് ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ അക്രമി തീ വെച്ചത്.

സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം അക്രമി ഓടിരക്ഷപ്പെട്ടിരുന്നു. പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. അതിന്റെ ഭാ​ഗമായിട്ടാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിച്ചിരിക്കുന്നത്. നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫി എന്നയാളാണ് പ്രതി എന്ന് സൂചന കിട്ടിയതായി പൊലീസ് വ്യക്തമാക്കി. പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കി പുറത്തുവിട്ടിട്ടുണ്ട്.

Signature-ad

എലത്തൂരിൽ ട്രെയിനിൽ യാത്രക്കാർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ അപകടമുണ്ടായ രണ്ട് ബോഗികളിൽ കോഴിക്കോട് നിന്നുള്ള ഫോറൻസിക് സംഘവും കണ്ണൂരിൽ നിന്നുള്ള ഫോറൻസിക് സംഘവും പരിശോധന നടത്തിയിരുന്നു. ഡി1, ഡി2 ബോ​ഗികളിലാണ് പരിശോധന നടത്തുന്നത്. അന്വേഷണ സംഘവും ഫോറൻസിക് സംഘത്തിനൊപ്പമുണ്ട്. റെയിൽവേ ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് പരിശോധന.

Back to top button
error: