ബെംഗളുരു: ജർമൻ പൗരനായ പാട്രിക് ബൗർ നൽകിയ വഞ്ചനാക്കേസിൽ സോൺട കമ്പനി എംഡി രാജ് കുമാർ ചെല്ലപ്പൻ പിള്ള മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. ബെംഗളുരു അഡീഷണൽ സിറ്റി സിവിൽ & സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസിൽ വ്യാഴാഴ്ച കോടതി വിധി പറയും. ബെംഗളുരു കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിലാണ് പാട്രിക് ബൗർ പരാതി നൽകിയത്. കുറ്റകരമായ വിശ്വാസ വഞ്ചനയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്. ബെംഗളുരു കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ പാട്രിക് ബൗറിൻറെ അഭിഭാഷകൻ ഹാജരായി.
കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ചതായി പാട്രിക് ബൗറിൻറെ അഭിഭാഷകൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. 20 കോടി രൂപയുടെ എസ്ബിഎൽസി (Standby Letter of Credit) നൽകിയതിന് ലാഭ വിഹിതമായി 82 ലക്ഷം നൽകാമെന്ന കരാർ ലംഘിച്ചു. എസ്ബിഎൽസി ഇത് വരെ റിലീസ് ചെയ്ത് നൽകിയില്ല. ഇതിൻറെ പേരിൽ ഭീമമായ നഷ്ടമാണ് തൻറെ കക്ഷിക്ക് ഉണ്ടായതെന്നും ഇത് രാജ്‍കുമാർ നികത്തണമെന്നും പാട്രികിൻറെ അഭിഭാഷകൻ പറഞ്ഞു. കേസ് കൊടുത്തതിനാൽ ഇനി പണം നൽകില്ലെന്ന് കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീജു നായർ ഭീഷണിപ്പെടുത്തിയെന്നും പാട്രികിൻറെ അഭിഭാഷകൻ അഡ്വ. പ്രതീക് പറഞ്ഞു.