KeralaNEWS

ശമ്പളം കിട്ടാത്തതിലല്ല, ജോലി ചെയ്യുന്ന സ്ഥാപനത്തിനെതിരെ കള്ളം പറഞ്ഞുകൊണ്ടാണ്  വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയത്

തിരുവനന്തപുരം:ശമ്പളം കിട്ടാതെ വന്നപ്പോൾ ശമ്പളരഹിത സേവനം 41-ാം ദിവസമെന്ന് ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയെന്ന വാർത്ത രണ്ടു ദിവസമായി നല്ലരീതിയിൽ ആഘോഷിക്കപ്പെടുന്നുണ്ട്.വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില എസ്. നായരെയാണ് പാലാ ഡിപ്പോയിലേക്ക് സ്ഥലംമാറ്റി ഉത്തരവിറക്കിയത്. ജനുവരി 11-നാണ് ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ബാഡ്ജ് ധരിച്ച് അഖില ഡ്യൂട്ടി ചെയ്തത്.

ചിത്രം സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുകയും ഏറെ ചർച്ചയാകുകയും ചെയ്തിരുന്നു.എന്നാൽ വാസ്തവം അതല്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.

 

കെഎസ്ആർടിസി ബിഎംഎസ് യൂണിയനിൽപ്പെട്ട അഖില കിട്ടിയ അവസരത്തിൽ സർക്കാരിനെയും കോർപ്പറേഷനേയും ഒന്നു തോണ്ടി നോക്കിയതാണ്.പതിനൊന്നു ദിവസം വൈകി കിട്ടിയ ശമ്പളം വാങ്ങി പോക്കറ്റിൽ വച്ചിട്ടാണ് അഖില ശമ്പളരഹിത സേവനം 41-ാം ദിവസമെന്ന് ബാഡ്ജ് ധരിച്ച് ഡ്യൂട്ടി ചെയ്തത്.
 അഖിലയ്ക്കെന്നല്ല മറ്റെല്ലാ കെഎസ്ആർടിസി ജീവനക്കാർക്കും നവംബറിലെ ശമ്പളം ഡിസംബർ 18  നു കൊടുത്തിട്ടുണ്ട്.ഡിസംബറിലെ ശമ്പളം ജനുവരി 11  നും കൊടുത്തിട്ടുണ്ട്.
അതായത് 18ഉം  11ഉം ദിവസം വൈകിയാണെങ്കിലും കെഎസ്ആർടിസി അഖിലയ്ക്കുൾപ്പടെ  ശമ്പളം  കൊടുത്തിട്ടുണ്ട്.
അഖിലയുടെ കണക്കുപ്രകാരം  ഡിസംബർ മാസത്തെ ശമ്പളം ജനുവരി 11 ന് കിട്ടിയാൽ അത് 41  ദിവസം ശമ്പളം ഇല്ലാതെ ജോലി ചെയ്യുന്നതിന് തുല്യമാണത്രെ! കേൾക്കുമ്പോൾ ശരിയെന്ന് തോന്നാവുന്ന കള്ളമാണ് അഖില പറഞ്ഞത്.അതിൻമേലായിരുന്നു കെഎസ്ആർടിസിയുടെ നടപടി.
 കെഎസ്ആർടിസിയുടെ സാമ്പത്തിക ശേഷിയെപ്പറ്റി എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.ഡിസംബർ മാസത്തെ ശമ്പളം 11 ദിവസം വൈകി എന്നതും നേരാണ്.ഇതിനുമുമ്പും ഇത്തരത്തിൽ എത്രയോ തവണ സംഭവിച്ചിട്ടുമുണ്ട്.അതും മാസങ്ങളോളം കിട്ടാത്ത അവസ്ഥ! എന്നുകരുതി കള്ളം പറഞ്ഞു സമരം ചെയ്യുന്നതും ആളുകളുടെ പിന്തുണ തേടുന്നതും അത്ര നല്ല കാര്യമൊന്നുമല്ല.
അങ്ങനെ ചെയ്യുമ്പോൾ സ്വാഭാവികമായും ജോലി തന്നിരിക്കുന്ന സ്ഥാപനം നടപടിയെടുക്കും.
അത് ആ സ്ഥാപനത്തെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു സമരം ചെയ്തതിനാണ്.അതിപ്പം കെഎസ്ആർടിസി  എന്നല്ല അദാനി ഗ്രൂപ്പ് ആയാലും അങ്ങനെ തന്നെയേ ചെയ്യൂ-പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
Signature-ad

സംഭവത്തിൽ കോർപ്പറേഷൻ നടത്തിയ അന്വേഷണത്തിൽ അഖില അച്ചടക്കലംഘനം നടത്തിയതായി ബോധ്യപ്പെട്ടിരുന്നു.തുടർന്നായിരുന്നു സ്ഥലംമാറ്റ നടപടിയുണ്ടായത്.അഖിലയുടെ പ്രതിഷേധം സർക്കാരിനേയും കോർപ്പറേഷനേയും അപകീർത്തിപ്പെടുത്തുന്നതിന് ഇടവരുത്തിയെന്നും കെഎസ്ആർടിസിയുടെ സ്ഥലംമാറ്റ ഉത്തരവിൽ പറയുന്നു.

Back to top button
error: