‘വഖഫ് ബില്ലിനെ പിന്തുണയ്ക്കാതെ ജയിച്ചു കയറാമെന്നു കരുതേണ്ട, ക്രൈസ്തവ സമൂഹത്തിനു നിങ്ങള്‍ നല്‍കിയ മുറിവായി ഇത് എന്നും ഓര്‍ത്തുവയ്ക്കും’: ഹൈബി ഈഡന്‍ എംപിയുടെ ഓഫീസിനു മുന്നില്‍ പോസ്റ്ററുകള്‍; മുനമ്പം വിഷയം കത്തി നില്‍ക്കുമ്പോള്‍ സമ്മര്‍ദത്തിലാക്കാന്‍ കത്തോലിക്ക സഭയുടെ പരസ്യ നീക്കം? സമ്മര്‍ദത്തില്‍ നേതാക്കള്‍

വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായി നിലപാടെടുക്കണമെന്ന് കോണ്‍ഗ്രസ് എംപിമാര്‍ക്കു കത്തോലിക്ക സഭ കര്‍ശന നിര്‍ദേശം നല്‍കിയതിനു പിന്നാലെ പ്രതിരോധത്തിലായ പാര്‍ട്ടിയെ കൂടുതല്‍ കുഴപ്പിച്ച് എറണാകുളത്ത് പോസ്റ്ററുകള്‍. ഹൈബി ഈഡന്‍ എംപിയുടെ ഓഫീസിന്റെ പരിസരത്താണ് ‘വഖഫിനെ പിന്തുണച്ചില്ലെങ്കില്‍ ജയിച്ചു കയറാമെന്നു കരുതേണ്ട’ എന്ന മുന്നറിയിപ്പുള്ള പോസ്റ്ററുകള്‍ പ്രഖ്യക്ഷപ്പെട്ടത്.

വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാകാന്‍ പ്രതിപക്ഷ എംപിമാര്‍ അനുവദിച്ചില്ലെങ്കില്‍ കടലിന്റെ മക്കള്‍ കടലിലേക്ക് ഇറങ്ങുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള മറ്റൊരു പോസ്റ്ററും ഹൈബി ഈഡന്റെ ഓഫീസിന് സമീപം പതിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണുന്നതുവരെ കടലില്‍ നിന്നുകൊണ്ട് സത്യാഗ്രഹം നടത്തുമെന്നും പോസ്റ്ററില്‍ പറയുന്നു. മുനമ്പം ഭൂസംരക്ഷണ സമിതിയുടെ പേരിലാണ് ഈ പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്.
‘മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ച് വഖഫിനൊപ്പംനിന്ന കോണ്‍ഗ്രസ് എംപിമാരുടെ ശ്രദ്ധയ്ക്ക്, ക്രൈസ്തവ സമൂഹം നിങ്ങള്‍ക്കെതിരേ വിധിയെഴുതും. വഖഫിനൊപ്പം നില്‍ക്കുന്ന കോണ്‍ഗ്രസേ, ക്രൈസ്തവ സമൂഹത്തിനു നിങ്ങള്‍ നല്‍കിയ മുറിവായി മുനമ്പം ഞങ്ങള്‍ എന്നും ഓര്‍ത്തുവയ്ക്കും. വഖഫ് ബില്ലിനെ നിങ്ങള്‍ എതിര്‍ത്താലും ജയിച്ചെന്നു കരുതേണ്ട. മുനമ്പത്തെ അമ്മമാരുടെ കണ്ണീരും പ്രാര്‍ഥനയും ദൈവം കാണാതിരിക്കില്ല’ എന്നിങ്ങനെയാണു പോസ്റ്ററുകള്‍.
മുനമ്പം ഭൂമി തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരുമായും പ്രതിപക്ഷ എംപിമാരുമായും ഇടഞ്ഞു നില്‍ക്കുകയാണു കത്തോലിക്ക സഭ. സഭയുടെ ഔദ്യോഗിക പത്രമായ ദീപികയില്‍ മുഖപ്രസംഗവും എഴുതി. സഭയുടെ നിലപാടാണ് മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കിയത. ‘വഖഫ്: പാര്‍ലമെന്റിലെ മതേതരത്വ പരീക്ഷ’ എന്ന തലക്കെട്ടോടെയാണ് ദീപികയില്‍ വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായ മുഖപ്രസംഗം. വഖഫ് നിയമഭേദഗതിയില്‍ രാഷ്രീയ പാര്‍ട്ടികള്‍ അന്തിമതീരുമാനം എടുക്കാന്‍ സമയമായി. വഖഫ് നിയമം ഇല്ലാതാക്കാനല്ല, കൈയേറ്റാനുമതി നല്‍കുന്നതും ഭരണഘടനാപരിഹാരം നിഷേധിക്കുന്നതുമായ വകുപ്പുകള്‍ ഭേദഗതിചെയ്യണമെന്നു മാത്രമാണ് ആവശ്യപ്പെടുന്നത്. അത്, മുസ്ലീം സമുദായത്തിലെ ഒരാള്‍ക്കും നീതി നിഷേധിക്കുന്നില്ല. വഖഫ് നിയമത്തിന്റെ ഇരകളായ ആയിരക്കണക്കിനു ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലീം പൗരന്മാര്‍ നേരിടുന്ന അനീതിക്ക് അറുതി വരുത്തുകയും ചെയ്യുമെന്നാണ് മുഖപ്രസംഗം അഭിപ്രായപ്പെടുന്നത്.
വഖഫ് പാര്‍ലമെന്റിലെ മതേതരത്വ പരീക്ഷയാണെന്നും നിങ്ങള്‍ പിന്തുണച്ചില്ലെങ്കില്‍ ഭേദഗതി പാസാകുമോയെന്നത് വേറെ കാര്യമാണെന്നും കേരളത്തില്‍ നിന്നുള്ള എംപിമാരോട് പറയുന്നു. ഇതിനെ പിന്തുണച്ചില്ലെങ്കില്‍ നിങ്ങളുടെ മതമൗലികവാദ നിലപാട് ചരിത്രമായിരിക്കും, മതേതര തലമുറകളോട് കണക്കുപറയേണ്ട ചരിത്രം എന്നും മുഖപ്രസംഗം ഓര്‍മപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ബില്ലിനെ അനുകൂലിക്കാന്‍ സിപിഎം-കോണ്‍ഗ്രസ് പാര്‍ട്ടികളോട് അഭ്യര്‍ഥിക്കുന്നുമുണ്ട്.
1995-ലെ വഖഫ് നിയമത്തിലെ 40-ാം അനുച്ഛേദം അനുസരിച്ച് സ്വത്ത് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് വഖഫ് ബോര്‍ഡ് കരുതിയാല്‍ നിലവിലുള്ള ഏതു രജിസ്‌ട്രേഷന്‍ ആക്ടിനെയും മറികടന്ന് അതു സ്വന്തമാക്കാം. ഇരകള്‍ കോടതിയെ അല്ല, വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചുകൊള്ളണം. 40-ാം വകുപ്പിന്റെ ഈ കൈയേറ്റ സാധൃത ഉപയോഗിച്ചാണ് 2019-ല്‍ കൊച്ചി വൈപ്പിന്‍ ദ്വീപിലെ മുനമ്പം വേളാങ്കണ്ണി കടപ്പുറത്തെ 404 ഏക്കര്‍ ഭൂമി വഖഫ് ബോര്‍ഡിന്റെ ആസ്തിവിവരത്തില്‍ ഉള്‍പ്പെടുത്തിയതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
മുനമ്പത്തെ ജനങ്ങളെ സഹായിക്കാമെന്ന് പറയുന്ന കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും പാര്‍ലമെന്റില്‍ വഖഫ് നിയമത്തെ പിന്തുണച്ച് ഇരട്ടത്താപ്പ് കാണിക്കുകയാണ് മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. നിയമത്തില്‍ ഭേദഗതി ഉണ്ടായാല്‍ വഖഫ് പേടിയില്ലാതെ ഈ രാജ്യത്തെ മനുഷ്യര്‍ക്ക് സമാധാനമായി ഉറങ്ങാമല്ലോയെന്നും ദീപിക പറഞ്ഞുവെക്കുന്നുണ്ട്. വഖഫ് തട്ടിയെടുക്കുന്ന ഭൂമി അവകാശികള്‍ക്ക് തിരിച്ചുകിട്ടാനുള്ള വകുപ്പ് ഭേദഗതിയിലുണ്ടെന്ന് ബിജെപി ഉറപ്പാക്കണമെന്നും മുഖപ്രസംഗം ഓര്‍മിപ്പിക്കുന്നു.
വഖഫ് ബോര്‍ഡിന്റെ കീഴില്‍ 9.4 ലക്ഷം ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന 1.2 ലക്ഷം കോടി രൂപ വിലവരുന്ന 8.7 ലക്ഷം സ്വത്തുക്കളുണ്ട്. അതില്‍ മുനമ്പത്തേതുപോലെ കൈവശപ്പെടുത്തിയവ ഒഴികെയുള്ളത് അഴിമതിയില്ലാതെ കൈകാര്യം ചെയ്താല്‍ മുസ്ലീം സമുദായത്തിലെ പാവങ്ങള്‍ക്ക് മികച്ച സാമ്പത്തിക കെട്ടുറപ്പ് നല്‍കാം. ആ സ്വത്തുക്കളില്‍ ബോര്‍ഡിലെ കൈകാര്യക്കാര്‍ അന്യാധീനപ്പെടുത്തിയതെല്ലാം തിരിച്ചുപിടിക്കുന്നത് പോലെയല്ല, കാശുകൊടുത്ത് വാങ്ങി കരമടച്ചുകൊണ്ടിരിക്കുന്ന കിടപ്പാടവും മറ്റു വസ്തുക്കളും വഖഫ് കൈയേറുന്നതെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.