ഇപി എതിര്‍ത്തു; ബേബി നടപ്പാക്കി; പി.വി. അന്‍വറുമായി അടുത്ത ബന്ധമുള്ള വിദേശ പ്രതിനിധിയെ ബ്രിട്ടനിലേക്ക് മടക്കി അയച്ച് സിപിഎം സംസ്ഥാന സമ്മേളനം; രാജേഷ് കൃഷ്ണയ്‌ക്കെതിരേ നിരവധി പരാതികള്‍

മധുര: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍നിന്ന് മലയാളിയായ വിദേശപ്രതിനിധിയെ മടക്കി അയച്ചു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി യുകെയില്‍നിന്ന് എത്തിയ രാജേഷ് കൃഷ്ണയെയാണു മടക്കിയയച്ചത്. കേന്ദ്ര കമ്മറ്റിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് രാജേഷിനെ മടക്കി അയയ്ക്കാന്‍ സംഘടനാ ചുമതലയുള്ള എം.എ.ബേബി നിര്‍ദേശിച്ചതെന്നാണു വിവരം. രാജേഷിനെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കല്ലെന്ന് ഇ.പി.ജയരാജന്‍ നിലപാടെടുത്തെന്നും അത് എം.എ. ബേബി നടപ്പിലാക്കിയെന്നുമാണു വിവരം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി അടുത്ത ബന്ധമുള്ള ആളാണ് രാജേഷ് കൃഷ്ണ.
പി.വി.അന്‍വറുമായുള്ള രാജേഷിന്റെ അടുപ്പവും സാമ്പത്തിക പരാതികളും ഏറെ വിവാദമായിരുന്നു. സിനിമാ നിര്‍മാതാവ് കൂടിയായ രാജേഷ് കൃഷ്ണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ എത്തിയിരുന്നു. പത്തനംതിട്ട സ്വദേശിയായ രാജേഷ് കൃഷ്ണ ബ്രിട്ടനിലെ സിപിഎം സംഘടനയായ എഐസിയെ പ്രതിനിധീകരിച്ചാണു പാര്‍ട്ടി കോണ്‍ഗ്രസില്‍ എത്തിയത്. പത്തനംതിട്ടയിലെ മുന്‍ എസ്എഫ്‌ഐ ഏരിയ സെക്രട്ടറിയായ രാജേഷ് ബ്രിട്ടനില്‍ സ്ഥിര താമസക്കാരനാണ്.

സിനിമ സംവിധായികയെ സാമ്പത്തികമായി കബളിപ്പിച്ചു എന്നുകാട്ടി സംവിധായികയുടെ ഭര്‍ത്താവ് രാജേഷിനെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. ഇത് ഉള്‍പ്പെടെ രാജേഷിനെതിരായ പരാതികള്‍ കേന്ദ്ര കമ്മിറ്റിക്ക് മുന്‍പിലെത്തിയിരുന്നു. പി.വി. അന്‍വറിനു വേണ്ടി ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനെ ലണ്ടനില്‍വച്ച് രാജേഷ് മര്‍ദിച്ചതും ഏറെ ചര്‍ച്ചയായിരുന്നു. ചൊവ്വാഴ്ച നടന്ന കേന്ദ്രകമ്മിറ്റി യോഗത്തിലാണ് രാജേഷിനെ തിരിച്ചയയ്ക്കാന്‍ തീരുമാനമുണ്ടായത്. തുടര്‍ന്നാണ് പ്രതിനിധി സമ്മേളനത്തില്‍നിന്ന് ഇയാളെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.