ഷീല സണ്ണിക്കെതിരായ വ്യാജ മയക്കുമരുന്നു കേസ്; പോലീസിന്റെ ഒത്തുകളിയില്‍ പ്രതികള്‍ ഇപ്പോഴും കാണാമറയത്ത്; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ മകന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു മുങ്ങി; മകന്റെ ഭാര്യയുടെ അനുജത്തിയും മുഖ്യപ്രതി നാരായണദാസും എവിടെ? നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷീല ഹൈക്കോതിയില്‍ ഹര്‍ജി നല്‍കി

തൃശൂര്‍: വ്യാജ ലഹരിമരുന്നു കേസില്‍ കുടുക്കി 72 ദിവസം ജയിലില്‍ കഴിയേണ്ടിവന്ന ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണി സര്‍ക്കാരില്‍നിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കും. വ്യാജ മയക്കുമരുന്നാണെന്നു തിരിച്ചറിഞ്ഞിട്ടും മറച്ചുവച്ച് 72 ദിവസം ജയിലില്‍ പാര്‍പ്പിച്ചതു കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നുമാണു ഷീലയുടെ ആവശ്യം. സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതകളും മറികടക്കാന്‍ വിദേശത്തേക്കു പോകാനിരിക്കേയാണു ജയിലില്‍ കഴിയേണ്ടിവന്നത്. ജീവിതം വഴിമുട്ടിയെന്നും റിട്ട് ഹര്‍ജിയില്‍ പറയുന്നു.
സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ഷീല സണ്ണി നല്‍കിയ കേസ് ഡിവൈഎസ് പി വി.കെ. രാജുവാണ് അന്വേഷിക്കുന്നത്. സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനെത്തുടര്‍ന്നു മുഖ്യപ്രതി തൃപ്പൂണിത്തുറ സ്വദേശി നാരായണദാസ് ഇപ്പോഴും ഒളിവിലാണ്. ഷീലയുടെ മകന്റെ ഭാര്യയുടെ സഹോദരി ലിവി ജോസിന്റെ സുഹൃത്താണു നാരായണദാസ്. ലിവിയ ആവശ്യപ്പെട്ടതനുസരിച്ചു ഷീലയുടെ വാഹനത്തില്‍ ലഹരിമരുന്നുവച്ചശേഷം എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചതു നാരായണദാസ് ആണെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഗൂഢാലോചന സംബന്ധിച്ച പരാതിയില്‍ ഷീലയുടെ മൊഴിയെടുത്തെങ്കിലും മകന്‍ സംഗീത് ഹാജരായിട്ടില്ല. ഇയാളുടെ മൊബൈല്‍ സ്വിച്ച് ഓഫ് ആണ്. പ്രതികളെല്ലാം നാട്ടിലുണ്ടായിട്ടും അറസ്റ്റ് ചെയ്യാത്തതു പോലീസിന്റെ ഒത്തുകളിയെന്നാണ് ആരോപണം.

ഷീല സണ്ണിയെ കസ്റ്റഡിയിലെടുത്ത എക്‌സൈസ് ഉദ്യോഗസ്ഥന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഷീലയുടെ സ്‌കൂട്ടറില്‍ ലഹരി ഒളിപ്പിച്ചിട്ടുണ്ടെന്ന് ആരോ വിളിച്ചറിയിച്ചിട്ടാണ് എത്തിയതെന്നും ലഹരി പദാര്‍ഥത്തിന്റെ അളവുകൂടുതലുണ്ടെന്നു ബോധ്യപ്പെട്ടപ്പോള്‍ മേലുദ്യോഗസ്ഥനെ വിവരമറിയിച്ചെന്നുമാണു മൊഴി.
കഴിഞ്ഞവര്‍ഷം ഫെബ്രുവരി 27ന് ആയിരുന്നു ഷീലയുടെ അറസ്റ്റ്. പിടിച്ചെടുത്ത ലഹരിപദാര്‍ഥങ്ങള്‍ എക്‌സൈസ് ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഓഫീസില്‍നിന്ന് തൃശൂര്‍ സെഷന്‍സ് കോടതിവഴി ഏപ്രില്‍ ഒന്നിനാണു കാക്കനാട്ടെ ലാബില്‍ ലഭിച്ചത്. മേയ് 12ന് ലാബില്‍നിന്ന് റിപ്പോര്‍ട്ട് ചാലക്കുടി എക്‌സൈസ് റേഞ്ച് ഓഫീസര്‍ക്കും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും അയച്ചിരുന്നു. എന്നാല്‍, ഒന്നരമാസത്തോളം ഇതു മൂടിവച്ചു. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വന്‍ വിവാദമായി.
കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെയാണു സംഭവത്തില്‍ വ്യക്തത വന്നത്. ലിവിയ ജോസും നാരായണദാസും തമ്മിലുള്ള ബന്ധം വ്യക്തമായതോടെ ഇരുവയെും പ്രതിചേര്‍ത്തു. ഷീല തന്നെ മനപ്പൂര്‍വം കുടുക്കിയതാണെന്നും മാതാപിതാക്കളില്‍നിന്ന് 10 ലക്ഷം ആവശ്യപ്പെട്ടതിനെ എതിര്‍ത്തതിലുള്ള പകയാണു പിന്നിലെന്നുമാണ് ലിവിയയുടെ ആരോപണം. സാമ്പത്തിക തട്ടിപ്പ്, ആള്‍മാറാട്ടം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ നാരായണദാസ്, 28 ലക്ഷത്തിന്റെ വഞ്ചനക്കേസില്‍ പ്രതിയായിരിക്കെയാണു ഷീല സണ്ണിയുടെ കേസിലും പ്രതിചേര്‍ക്കപ്പെട്ടത്.