KeralaNEWS

പ്രഥമാധ്യാപക തസ്തികയില്‍നിന്നു വിരമിച്ച് ഭര്‍ത്താവ്; ചുമതല ഏറ്റെടുത്ത് ഭാര്യ: അയിരൂര്‍ എംടിഎച്ച്എസിന് അപൂര്‍വ്വതയുടെ തിളക്കം

പത്തനംതിട്ട: പ്രഥമാധ്യാപക തസ്തികയില്‍ നിന്നു വിരമിച്ച ഭര്‍ത്താവില്‍ നിന്നു ചുമതല ഏറ്റെടുത്ത് ഭാര്യ. അയിരൂര്‍ എംടിഎച്ച്എസിലാണ് ഈ അപൂര്‍വ്വത. പ്രഥമാധ്യാപകനായുള്ള ദീര്‍ഘകാല സേവനത്തിനു ശേഷം വിരമിച്ച നൈനാന്‍ കോശിക്ക് പകരമാണ് ഭാര്യ സിമി ജോണ്‍ ചുമതലയേറ്റത്. സിമിയെ പൂക്കള്‍ നല്‍കിയാണ് നൈനാന്‍ കോശി വരവേറ്റത്. വരവേല്‍പ്പിന് നന്ദി അറിയിച്ച് ഭര്‍ത്താവിന് കൈ കൊടുത്ത് സിമി ജോണ്‍ പ്രഥമാധ്യാപികയായി ചുമതലയേറ്റു.

സ്‌കൂള്‍ ജീവനക്കാരും പിടിഎ ഭാരവാഹികളും കേക്ക് മുറിച്ച് മധുരം പങ്കിട്ടു. സ്‌കൂള്‍ മാനേജര്‍ സൈമണ്‍ ഏബ്രഹാം നിയമന ഉത്തരവ് കൈമാറി. പിടിഎ പ്രസിഡന്റ് ജോസ് ജോര്‍ജ് പൊന്നാടയണിയിച്ചു. 2002ലാണ് നൈനാന്‍ കോശി അധ്യാപകനായി സ്‌കൂളിലെത്തുന്നത്. 15 വര്‍ഷം പ്രധാനാധ്യാപകനായി പ്രവര്‍ത്തിച്ചു. 2011ല്‍ എസ്എസ്എല്‍സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടിയ സ്‌കൂള്‍ തുടര്‍ച്ചയായി പിന്നീട് ഈ നേട്ടം കൈവരിച്ചു.

Signature-ad

നൈനാന്‍ കോശി ഇതേ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ പിതാവ് കെ.എസ്. കോശി പ്രിന്‍സിപ്പലായിരുന്നു. അധ്യാപികയായി 25 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് സിമി ജോണ്‍ പ്രഥമാധ്യാപികയാകുന്നത്. 2031 വരെ സേവനകാലയളവുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: