KeralaNEWS

അരിക്കൊമ്പനെ പിടികൂടുന്നത് താൽക്കാലികമായി വിലക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

കൊച്ചി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടുന്നത് താൽക്കാലികമായി വിലക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അരിക്കൊമ്പനെ പിടികൂടുന്നതിന് പകരം മറ്റെന്തെങ്കിലും പരിഹാരമുണ്ടോയെന്ന് അഞ്ചംഗ വിദഗ്ധ സമിതി പരിശോധിക്കമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നത്.

വിദഗ്ദ്ധ സമിതി റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ഈ മേഖലയിലുള്ളവരുടെയും വന്യജീവികളുടെയും താത്പര്യങ്ങൾ പരിഗണിക്കണം. നാട്ടുകാരിൽ നിന്ന് അഭിപ്രായങ്ങൾ തേടണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്. കോട്ടയം ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് ആർ എസ് അരുൺ, പ്രൊജക്‌ട് ടൈഗർ സി.സി.എഫ് എച്ച്. പ്രമോദ്, വൈൽഡ് ലൈഫ് ട്രസ്റ്റ് ഒഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റും ചീഫ് വെറ്ററിനേറിയനുമായ ഡോ. എൻ.വി.കെ. അഷറഫ്, കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂ ട്ട് മുൻ ഡയറക്ടർ ഡോ. പി എസ് ഈശ, ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ. രമേഷ് ബാബു എന്നിവരാണ് വിദഗ്‌ദ്ധ സമിതി അംഗങ്ങൾ.

Signature-ad

ഹൈക്കോടതി നിർദ്ദേശങ്ങൾ ഇങ്ങനെയാണ്

  • അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി ആനക്കൂട്ടിൽ അടയ്ക്കുന്നത് വിലക്കി
  • മദപ്പാടിലുള്ള അരിക്കൊമ്പൻ നാശനഷ്ടങ്ങളുണ്ടാക്കുന്നത് തടയാൻ നിരീക്ഷണം ശക്തമാക്കണം
  • ജനവാസ മേഖലകളിലിറങ്ങി ശല്യമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണം
  • ഇതിനായി കുങ്കി ആനകളും വനംവകുപ്പ് ഉദ്യോഗസ്ഥരും ചിന്നക്കനാലിൽ തുടരണം
  • തുടർന്നും പ്രശ്നമുണ്ടാക്കിയാൽ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് ഉൾക്കാട്ടിലേക്ക് കയറ്റിവിടണം
  • ഇതിനുശേഷവും ആന എവിടെയുണ്ടെന്ന് നിരീക്ഷണം തുടരണം

അതേസമയം, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പ്രതിഷേധിച്ച് ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചു. മറയൂർ, കാന്തല്ലൂർ, വട്ടവട ദേവികുളം, മൂന്നാർ, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസൺവാലി, സേനാപതി, ചിന്നകനാൽ, ഉടുമ്പൻ ചോല, ശാന്തൻപാറ എന്നീ പഞ്ചായത്തുകളിലാണ് നാളെ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

Back to top button
error: