CrimeNEWS

സൈനികന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസ്; സാമൂഹികമാധ്യമങ്ങളിലെ പ്രചാരണം വ്യാജമെന്ന് പോലീസ്

കോഴിക്കോട്: ട്രെയിന്‍യാത്രയ്ക്കിടെ സൈനികന്‍ പെണ്‍കുട്ടിയെ മദ്യംനല്‍കി പീഡിപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് റെയില്‍വേ പോലീസ്. പീഡനം നടന്നിട്ടില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പോലീസ് നല്‍കിയിട്ടില്ലെന്നും കേസില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണെന്നും റെയില്‍വേ പോലീസ് അറിയിച്ചു.

രാജധാനി എക്സ്പ്രസില്‍വെച്ച് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ സൈനികനായ പത്തനംതിട്ട സ്വദേശി പ്രതീഷ്‌കുമാറിനെ മാര്‍ച്ച് 18-നാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ഉഡുപ്പിയില്‍നിന്ന് കയറിയ വിദ്യാര്‍ഥിനിയുമായി പ്രതി സൗഹൃദം സ്ഥാപിക്കുകയും പിന്നാലെ നിര്‍ബന്ധിച്ച് മദ്യം നല്‍കി ലൈംഗികാതിക്രമം നടത്തിയെന്നുമായിരുന്നു പരാതി. എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയ്ക്കായിരുന്നു സംഭവം.

Signature-ad

അതേസമയം, അറസ്റ്റിലായ സൈനികന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നെന്നും പോലീസ് ഇക്കാര്യം കോടതിയെ അറിയിക്കുമെന്നുമാണ് കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. മദ്യപിച്ച് വീട്ടുകാര്‍ക്ക് മുന്നിലെത്തിയ പെണ്‍കുട്ടി കെട്ടിച്ചമച്ച കഥയാണ് പീഡനപരാതിയെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഈ പ്രചാരണമെല്ലാം തീര്‍ത്തും വ്യാജമാണെന്നാണ് റെയില്‍വേ പോലീസിന്റെ പ്രതികരണം.

കേസില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടി ഇപ്പോഴും പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്. അറസ്റ്റിലായ സൈനികന്‍ ഇപ്പോഴും റിമാന്‍ഡിലാണ്. നേരത്തെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയതാണെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും റെയില്‍വേ പോലീസ് പറഞ്ഞു.

 

Back to top button
error: