KeralaNEWS

ചന്ദ്രൻ 32 വർഷങ്ങൾക്കു ശേഷം കുടുംബത്തിൻ്റെ തണലിലേക്ക് തിരിച്ചെത്തി 

  വടകര: ചോമ്പാല നിവാസികൾക്ക് ചന്ദ്രൻ ഒരു കടങ്കഥയായിരുന്നു. കഴിഞ്ഞ എട്ടു വർഷക്കാലമായി അയാൾ ചോമ്പാല തുറമുഖത്തുണ്ട്. ആ നാട്ടുകാരൻ അല്ലെങ്കിലും എല്ലാവർക്കും സുപരിചിതൻ. എന്നാൽ, ചന്ദ്രൻ എന്ന പേരല്ലാതെ  സഹപ്രവർത്തകർക്കോ, സുഹൃത്തുക്കൾക്കോ അയാളെക്കുറിച്ച് മറ്റൊന്നും അറിയില്ലായിരുന്നു. തനിക്ക് വീടോ കുടുംബമോ ഇല്ലെന്നും ബന്ധുക്കളൊക്കെ മരിച്ചുപോയി എന്നുമാണ് ചന്ദ്രൻ ഏവരെയും ധരിപ്പിച്ചിരുന്നത്.

ചോമ്പാലയിൽ എത്തുന്നതിനും കാൽ നൂറ്റാണ്ടു മുമ്പാണ് അയാൾ വീടുവിട്ടത്. അന്നയാൾക്ക് 22 വയസാണ് പ്രായം. തുടർന്ന് അഞ്ചൽ പോലീസിൽ ചന്ദ്രന്റെ കുടുംബം പരാതി നൽകി. എന്നാൽ ചന്ദ്രനെ കണ്ടെത്താൻ കഴിഞ്ഞില്ല.
പല നാടുകളിൽ അലഞ്ഞുതിരിഞ്ഞ ചന്ദ്രൻ എട്ടുവർഷം മുമ്പാണ് ചോമ്പാല തുറമുഖത്തെത്തുന്നത്. ആദ്യമൊക്കെ തുറമുഖത്ത് ചുമട്ട് ജോലി ചെയ്തിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെ പിന്നീട് മത്സ്യത്തൊഴിലാളികളെ സഹായിച്ച് ഉപജീവനം നടത്തി വരികയായിരുന്നു.
ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന തീരദേശ പോലീസിനോട് രണ്ടാഴ്ച മുമ്പാണ് ചന്ദ്രൻ സ്വന്തം ജന്മദേശവും ഓർമ്മയുള്ള ചിലരുടെ വിവരങ്ങളും പറയുന്നത്. ഇതനുസരിച്ച് തീരദേശ പോലീസ് വിവരങ്ങൾ അഞ്ചൽ സ്റ്റേഷനിൽ ഉൾപ്പെടെയുള്ള പോലീസ് ഗ്രൂപ്പിലും സോഷ്യൽ മീഡിയയിലും ഇട്ടു. ഇതേ തുടർന്ന് അഞ്ചലിലെ പാങ്ങലങ്ങാട്ടിൽ അധ്യാപകനായ സജീവൻ ചന്ദ്രനെ തിരിച്ചറിയുകയും, തീരദേശ പോലീസിൽ ബന്ധപ്പെടുകയുമായിരുന്നു.

Signature-ad

അന്വേഷണത്തിൽ ചന്ദ്രന്റെ ബന്ധുക്കളെ പോലീസ് തിരിച്ചറിഞ്ഞു. അമ്മ കാളിയും, ഒരു സഹോദരനും, സഹോദരിയും, ഉണ്ടെന്ന വിവരവും ലഭിച്ചു. സജീവൻ മാഷിൻ്റെ ഇടപെടലിനെ തുടർന്ന് കൊല്ലത്തുള്ള അഡ്വ: എം.എസ് രാജേഷ് കഴിഞ്ഞ ദിവസം വാഹനവുമായി മാഹിയിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ വന്നിരുന്നു.

അദ്ദേഹം തിരികെ മടങ്ങുമ്പോൾ ചന്ദ്രനെയും ഒപ്പം കൂട്ടി. വടകര തീരദേശ പോലീസ് സബ് ഇൻസ്പെക്ടർ അബ്ദുൽസലാം നാമത്ത്, ബീറ്റ് പോലീസ് ഓഫീസർ ബിജു, കോസ്റ്റൽ വാർഡൻ ബബിത്ത് ലാൽ എന്നിവരുടെ ഇടപെടലാണ് ചന്ദ്രനെ കുടുംബത്തിൽ തിരിച്ചെത്തിക്കാൻ സഹായിച്ചത്. സ്നേഹനിർഭരമായ യാത്രയയപ്പാണ് കടലോര ഗ്രാമമായ ചോമ്പാല ചന്ദ്രന് നൽകിയത്.
തീരദേശ പോലീസിന്റെ ഇടപെടലാണ് മൂന്നു പതിറ്റാണ്ടിന് ശേഷമുള്ള സമാഗമത്തിന് ചന്ദ്രന് വഴിയൊരുങ്ങിയത്.

Back to top button
error: