ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതോടെ ഒഴിവുവന്ന വയനാട് ലോക്സഭാ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല. അതേസമയം, കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ജലന്ധര്‍ ലോക്സഭാ സീറ്റിലേക്കും നാല് നിയമസഭാ സീറ്റുകളിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. മേയ് 10-നു തന്നാണ് ഉപതെരഞ്ഞെടുപ്പുകള്‍. 13-ന് വോട്ടെണ്ണും.
ഫെബ്രുവരി വരെ ഒഴിവുവന്ന സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതെന്നാണ് വയനാട് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നല്കുന്ന വിശദീകരണം. ധൃതിയില്ല, കാത്തിരിക്കാം, ഒരു സീറ്റില്‍ ഒഴിവ് വന്നാല്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ ആറ് മാസത്തെ സമയമുണ്ട്. വയനാട് എംപിക്ക് ജുഡീഷ്യല്‍ പരിഹാരത്തിനായി 30 ദിവസത്തെ സമയം വിചാരണക്കോടതി അനുവദിച്ചിട്ടുണ്ടെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.
നേരത്തെ ധൃതിപിടിച്ച് ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും പിന്നീട് കോടതി വിധികളുടെ പശ്ചാത്തലത്തില്‍ കമ്മീഷന് തീരുമാനം റദ്ദാക്കേണ്ടി വന്നിരുന്നു. ഇത് കൂടി പരിഗണിച്ചാണ് വയനാട്ടില്‍ ധൃതിപിടിച്ച് ഒരു തീരുമാനത്തിന് കമ്മീഷന് തുനിയാതിരുന്നതെന്നാണ് സൂചന. അപകീര്‍ത്തി കേസില്‍ സൂറത്ത് കോടതി രണ്ടുവര്‍ഷത്തേക്ക് ശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ് രാഹുലിനെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയത്. രാഹുലിന് അപ്പീല്‍ നല്കാന് 30 ദിവസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്.