ഉപയോക്താക്കൾക്ക് കൈനിറയെ വാഗ്ദാനങ്ങളുമായാണ് റിലയൻസ് ജിയോ വിപണിയിലെത്തിയത്. താരിഫ് വർദ്ധനവിനെക്കുറിച്ച് പ്രഖ്യാപനങ്ങളൊന്നും നടത്തില്ലെങ്കിലും, കൃത്യമായ ഇടവേളകളിൽ നിരക്ക് വർധിപ്പിച്ച് പ്ലാനുകൾ പുതുക്കാറുണ്ട്. പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്കായി ജിയോ പ്ലസ് എന്ന പേരിൽ 299 രൂപയിൽ ആരംഭിക്കുന്ന നാല് പുതിയ പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് ഏറ്റവുമൊടുവിൽ തുടങ്ങിയിരിക്കുന്നത്. ജിയോയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ പട്ടികയിൽനിന്ന് ഏറ്റവും കുറഞ്ഞ തുകയുടെ പ്രതിമാസ പ്ലാൻ ആയ 199 രൂപയുടെ പ്ലാൻ കാണാനുമില്ല. നിലവിൽ ജിയോ എൻട്രി ലെവൽ പോസ്റ്റ്പെയ്ഡ് പ്ലാൻ 199 രൂപയിൽ നിന്ന് 299 രൂപയായി ഉയർത്തുകയാണ് ചെയ്തിരിക്കുന്നത്.
299 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാൻ – വിശദാംശങ്ങൾ
ജിയോയുടെ പുതിയ 299 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ ഉപഭോക്താക്കൾക്ക് 30 ജിബി അതിവേഗ ഡാറ്റയും, ലോക്കൽ, എസ്ടിഡി, റോമിംഗ് എന്നിവയുൾപ്പെടെ അൺലിമിറ്റഡ് വോയ്സ് ആനുകൂല്യങ്ങളും ലഭിക്കും. പ്രതിദിനം 100 എസ്എംഎസുകൾ അയക്കുന്നതിനുള്ള ഓഫറുമുണ്ട്. യോഗ്യരായ ജിയോ വരിക്കാർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ സഹിതം ജിയോ വെൽക്കം ഓഫർ ലഭിക്കും.375 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈ പ്ലാനിന് ബാധകമാണ്.ജിയോ ടിവി, ജിയോസിനിമ, ജിയോസെക്യൂരിറ്റി, ജിയോക്ലൗഡ് തുടങ്ങിയ ഇൻ-ഹൗസ് ആപ്പുകളും പുതിയ പ്ലാനിനൊപ്പം ലഭിക്കും.മുമ്പ് ഉപഭോക്താക്കൾക്കുള്ള എൻട്രി ലെവൽ പോസ്റ്റ്പെയ്ഡ് പ്ലാൻ 199 രൂപയുടെതായിരുന്നു. നിലവിൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ 299 രൂപയിൽ ആരംഭിക്കുന്നതിനാൽ ആക്ടിവേഷൻ സമയത്ത് ഒരു സിമ്മിന് 99 രൂപ പ്രോസസ്സിംഗ് ഫീസ് ഇനത്തിൽ നൽകണം. പുതിയ കണക്ഷൻ എടുക്കുന്നവർ തുടക്കത്തിൽ ജിയോ പ്രൈം മെമ്പർഷിപ്പ് എടുക്കേണ്ടതുണ്ട്. ഇതിന് 99 രൂപ നൽകേണ്ടിയും വരും.
199 രൂപയുടെ പഴയ ജിയോ പ്ലാൻ
ജിയോയുടെ പഴയ 199 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ 25 ജിബി അതിവേഗ ഡാറ്റയും ലോക്കൽ, എസ്ടിഡി, റോമിംഗ് എന്നിവയുൾപ്പെടെ അൺലിമിറ്റഡ് വോയ്സ് ആനുകൂല്യങ്ങളും ദിവസേന 100 എസ്എംഎസുകളുമാണ് ഓഫറിനത്തിൽ നൽകിയിരുന്ന സൗകര്യങ്ങൾ. ജിയോ പ്രൈം അംഗത്വത്തിന് 99 രൂപയാണ് ജിയോ ഈടാക്കിയിരുന്നത്. ജിയോ ടിവി, ജിയോസിനിമ, ജിയോ സെക്യൂരിറ്റി, ജിയോക്ലൗഡ് തുടങ്ങിയ ഇൻ-ഹൗസ് എന്നിവയും ഓഫറുകൾക്കൊപ്പമുണ്ടായിരുന്നു.
ജിയോയുടെ പഴയ 199 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനിൽ 25 ജിബി ഡാറ്റയും, പുതിയ 299 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനിൽ 30 ജിബി ഡാറ്റയുമാണ് ഉൾപ്പെട്ടിരിക്കുന്നത്. രണ്ട് പ്ലാനുകളിലെയും മറ്റ് ആനുകൂല്യങ്ങൾ തമ്മിൽ വലിയ വ്യത്യാസമില്ല. 299 ന്റെ പ്ലാനിലെ 5 ജിബി അധിക ഡാറ്റയ്ക്ക് ജിയോ 100 രൂപ വർദ്ധിപ്പിച്ചിട്ടുമുണ്ട്.താരിഫ് വർദ്ധനവിനെക്കുറിച്ച് പ്രഖ്യാപനങ്ങളൊന്നും നടത്തിയില്ലെങ്കിലും, ഫലത്തിൽ താരിഫ് വർദ്ധനവ് തന്നെയാണ് നടന്നിരിക്കരുതെന്നാണ് വിലയിരുത്തൽ.