SportsTRENDING

മെസിയുടെ അര്‍ജന്‍റീന കപ്പുയര്‍ത്തിയ ഖത്തർ ലോകകപ്പിന്‍റെ കഥ പറയുന്ന ഡോക്യുമെന്‍ററി പുറത്തിറക്കി ഫിഫ

ദോഹ: ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മഹാനായ താരങ്ങളിലൊരാളായ ലിയോണൽ മെസിയുടെ അർജൻറീന കപ്പുയർത്തിയ ഖത്തർ ലോകകപ്പിൻറെ കഥ പറയുന്ന ഡോക്യുമെൻററി പുറത്തിറക്കി ഫിഫ. ‘Written in the Stars’ എന്ന പേരിലാണ് ഫിഫ ഡോക്യുമെൻററി തയ്യറാക്കിയത്. ലോകകപ്പിൻറെ ഒരുക്കവും വാശിയേറിയ പോരാട്ടങ്ങളും ടെലിവിഷൻ സ്‌ക്രീനിലൂടെ ആരാധകർ കാണാത്ത ദൃശ്യങ്ങളുമെല്ലാം കോർത്തിണക്കിയാണ് ഒരു മണിക്കൂർ 34 മിനുട്ട് ദൈർഘ്യമുള്ള ഡോക്യുമെൻററി നിർമ്മിച്ചിരിക്കുന്നത്.

ലോകകപ്പിനായുള്ള ഖത്തറിൻറെ ഒരുക്കം മുതൽ അർജൻറീനയുടെ നീലവര കുപ്പായത്തിൽ ലിയോണൽ മെസിയും സംഘവും കിരീടം ഉയർത്തുന്നത് വരെയുള്ള സുപ്രധാന നിമിഷങ്ങൾ ഉൾക്കൊള്ളിച്ചാണ് ഫിഫ Written in the Stars നിർമിച്ചിരിക്കുന്നത്. ലോകകപ്പിലെ ജപ്പാൻ, മൊറോക്കോ തുടങ്ങിയ ടീമുകളുടെ കുതിപ്പും ജർമനി, സ്പെയ്ൻ തുടങ്ങിയവരുടെ കിതപ്പുമെല്ലാം വിശദമായി ഡോക്യുമെൻററിയിലുണ്ട്.

ലോകകപ്പിനിടെ ടെലിവിഷനിൽ പ്രേക്ഷകർ കാണാത്ത ആംഗിളിൽ നിന്നുള്ള ദൃശ്യങ്ങളും പിന്നണിയിലെ കാഴ്ചകളും മൈക്കൽ ഷീനിൻറെ വിവരണത്തോടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. ഇംഗ്ലീഷിന് പുറമെ അറബി, ജർമൻ, സ്‌പാനിഷ്, ഫ്രഞ്ച്, ഇന്തൊനേഷ്യൻ, ഇറ്റാലിയൻ, ജാപ്പനീസ്, കൊറിയൻ, പോർച്ചുഗീസ്, ചൈനീസ് ഭാഷകളിലുള്ള സബ് ടൈറ്റിലുകളും ഡോക്യുമെൻററിക്ക് ലഭ്യം. അർജൻറീനയും ഫ്രാൻസും ഏറ്റുമുട്ടിയ നാടകീയമായ ഫൈനലിൻറെ വിവരണമാണ് അവസാന 15 മിനുട്ടുകളിൽ. വെല്ലുവിളികളെ അതിജീവിച്ച മെസിയുടെ ഇന്ദ്രജാലം പരാമർശിച്ചാണ് ചിത്രത്തിൻറെ അവസാനം.

ഖത്തറിലെ കലാശപ്പോരിൽ ലിയോണൽ മെസിയും കൂട്ടാളികളും നിലവിലെ ചാമ്പ്യന്മാരായിരുന്ന ഫ്രാൻസിനെ മലർത്തിയടിച്ചാണ് കിരീടമുയർത്തിയത്. കിരീടം നിലനിർത്താനിറങ്ങിയ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ 4-2 തകർത്ത് മെസിയുടെ അർജൻറീന അവരുടെ മൂന്നാം ലോക കിരീടം ഉയർത്തുകയായിരുന്നു. എക്‌സ്ട്രാ ടൈമിലും മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിൽ നിർണായക സേവുമായി അർജൻറീനയുടെ എമി മാർട്ടിനസ് മത്സരത്തിൻറെ വിധിയെഴുതി. ഫ്രാൻസിനായി ഹാട്രിക് നേടിയ കിലിയൻ എംബാപ്പെയുടെ ഒറ്റയാൾ പ്രകടത്തിന് ഫലമില്ലാണ്ടുപോയി.

Back to top button
error: