പാലക്കാട്: കല്ലടിക്കോട് ഗർഭിണിയായ മ്ലാവിനെ വെടിവച്ചു കൊന്നു. ഇന്നലെ അർധരാത്രിയോടെയാണ് മാലക്കൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വനത്തിനകത്ത് വെടി ശബ്ദം കേട്ട് നടത്തിയ തെരച്ചിലിലാണ് മ്ലാവിനെ കണ്ടെത്തിയത്. രണ്ട് പേരെ സംഭവ സ്ഥലത്ത് വച്ച് പിടികൂടി. പ്രതികൾ റിസോർട്ട് നടത്തുന്ന ആളുകളും സജീവ രാഷ്ട്രീയ പ്രവർത്തകരുമാണെന്നാണ് റിപ്പോർട്ട്.
മൂന്ന് പേർ സംഭവ സ്ഥലത്ത് നിന്ന് വാഹനത്തിൽ രക്ഷപ്പെട്ട് പോയി. പ്രതികൾ ബിജു ആക്കാമറ്റം, സന്തോഷ് കാഞ്ഞിരംപാറ. പിടികിട്ടാനള്ളവർ: ബിനു കല്ലടിക്കോട്, ബോണി, തങ്കച്ചൻ എന്ന കുര്യാക്കോസ് എന്നിവരാണ് സംഭവത്തിലെ പ്രതികൾ. മലയോര മേഖലയിലെ വന്യജീവി ശല്യത്തേക്കുറിച്ച് നിരന്തര പ്രതിഷേധങ്ങളിൽ ഏർപ്പെടുന്നവരാണ് പ്രതികളെന്നും വനംവകുപ്പ് വിശദമാക്കി.
പിടിയിലായ സന്തോഷ് മേഖലയിലെ കേരള കോൺഗ്രസ് ജില്ലാ നേതാവ് കൂടിയാണ്. മലയടിവാരത്താണ് മ്ലാവിനെ കണ്ടെത്തിയത്. 300 കിലോ ഭാരമുള്ള മ്ലാവാണ് വെടിയേറ്റ് ചത്തത്. 5 പേർ ചേർന്നാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. ഇവരിൽ 3 പേർ ഒളിവിലാണെന്നും വനവകുപ്പ് വിശദമാക്കി. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും വനംവകുപ്പ് അറിയിച്ചു.