ശോഭയെ പിന്തുണച്ച് മഹിള മോര്‍ച്ച ദേശീയ അധ്യക്ഷ
തിരുവനന്തപുരം: ബിജെപി നേതൃത്വം അവഗണിച്ചെന്ന പരാതി പരസ്യമായി പറഞ്ഞ ശോഭാ സുരേന്ദ്രനെ പിന്തുണച്ച് മഹിള മോര്‍ച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസന്‍. അംഗീകാരം ലഭിക്കാത്തത് തുറന്ന് പറഞ്ഞതില്‍ തെറ്റില്ലെന്നും ശോഭ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ സജീവമാകുമെന്നും വാനതി ശ്രീനിവാസന്‍ വ്യക്തമാക്കി.
സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഒതുക്കിയെന്ന് ശോഭാ സുരേന്ദ്രന്‍ തുറന്ന് പറഞ്ഞതോടെയാണ് ബിജെപിയിലെ ഗ്രൂപ്പ് ഭിന്നത വീണ്ടും പരസ്യമായത്. ശോഭാ സുരേന്ദ്രന്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുമെന്ന് കെ.സുരേന്ദ്രന്‍ വ്യക്തമാക്കിയെങ്കിലും അവര്‍ രംഗത്തിറങ്ങിയില്ല. അതിനിടെയാണ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയ മഹിള മോര്‍ച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസന്‍ ശോഭാ സുരേന്ദ്രന് പിന്തുണയുമായി എത്തിയത്. ശോഭാ സുരേന്ദ്രന്‍ തനിക്കുളള പരാതി തുറന്ന് പറഞ്ഞതില്‍ തെറ്റില്ലെന്ന് വാനതി പറഞ്ഞു. ബിജെപി വലിയ കുടുംബമാണെന്നും അസംതൃപ്തി പ്രകടിപ്പിച്ചത് അച്ചടക്കലംഘനമല്ലെന്നും അവര്‍ പിന്തുണച്ചു.
ശോഭാ സുരേന്ദ്രനെ ബിജെപി നേതൃത്വം ചുമതല നല്‍കുമെന്ന് വാനതി വിശദീകരിച്ചു. പാര്‍ട്ടിയില്‍ അവര്‍ സജീവമാകുമെന്നും വ്യക്തമാക്കി. പാര്‍ട്ടിക്കുളളിലെ അതൃപ്തി തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്ക പ്രവര്‍ത്തകര്‍ക്കിടയിലുണ്ടെങ്കിലും പരസ്യമായ അഭിപ്രായ പ്രകടനം ലഘൂകരിക്കുകയാണ് നേതാക്കള്‍.