CrimeNEWS

സുഹൃത്തിന്റെ കാര്‍ ഉപയോഗിച്ചു; കോവളത്ത് വിദേശിയായ ടെന്നീസ് കളിക്കാരന് ടാക്‌സി ഡ്രൈവറുടെ ക്രൂരമര്‍ദനം

തിരുവനന്തപുരം: ആയുര്‍വേദ ചികിത്സാര്‍ഥം എത്തിയ വിദേശിയായ ടെന്നീസ് കളിക്കാരന് പട്ടാപ്പകല്‍ ടാക്‌സി ഡ്രൈവറുടെ ക്രൂരമര്‍ദനം. നെതര്‍ലന്‍ഡ്‌സ് സ്വദേശി കാല്‍വിന്‍ സ്‌കോള്‍ട്ടണ് (27) ആണ് മര്‍ദനമേറ്റത്. ടാക്‌സി സവാരി വിളിക്കാതെ സ്വകാര്യവാഹനം ഉപയോഗിച്ചതിനാണ് ടാക്‌സിഡ്രൈവര്‍ അക്രമമഴിച്ചു വിട്ടത്. ടാക്‌സി ഡ്രൈവര്‍ വിഴിഞ്ഞം ടൗണ്‍ഷിപ് കോളനിയില്‍ ടിസി 454ല്‍ ഷാജഹാനെ(40) കോവളം പോലീസ് അറസ്റ്റ് ചെയ്തു.

ലൈറ്റ് ഹൗസ് ബീച്ച് റോഡില്‍ താമസിക്കുന്ന ഹോട്ടലിനു മുന്നില്‍ നിന്നു കാല്‍വിന്‍ സുഹൃത്തിന്റെ കാറില്‍ കയറവേ ബൈക്കില്‍ എത്തിയ ഷാജഹാന്‍ വാഹനം വിലങ്ങനെ നിര്‍ത്തി കാല്‍വിനെ കാറില്‍നിന്നു വലിച്ചിറക്കിയ ശേഷം ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു. മര്‍ദനം തടയാന്‍ ശ്രമിച്ചപ്പോഴാണ് കാല്‍വിനു നേരെ ആക്രമണമുണ്ടായത്. തലയ്ക്കു പിന്നിലും കൈക്കും മര്‍ദനമേറ്റു.

Signature-ad

സമീപത്തു കിടന്ന കരിങ്കല്ലെടുത്ത് ആക്രമിക്കാനും മുതിര്‍ന്നെന്ന് കാല്‍വിന്റെ സുഹൃത്തായ മലയാളി യുവാവ് പറഞ്ഞു. ഷാജഹാനൊപ്പം വന്നവര്‍ സംഘം ചേര്‍ന്നു ആക്രമിക്കും മുന്‍പ് പൊലീസ് എത്തിയതു രക്ഷയായി. കാറിലുണ്ടായിരുന്ന കാല്‍വിന്റെ പിതാവ് സ്‌കോള്‍ട്ടണു നേരെ ആക്രമണമുണ്ടായില്ല.

വൈകിട്ടോടെ പോലീസ് കാല്‍വിനുമായി സ്ഥലത്ത് എത്തി വിശദമായ അന്വേഷണം നടത്തി. ഫുട്‌ബോള്‍ കളിക്കാരനായ പിതാവും ടെന്നിസ് കളിക്കാരനായ കാല്‍വിനും ചികിത്സാര്‍ഥം കുറച്ചു നാള്‍ കേരളത്തില്‍ ചെലവഴിക്കാനാണ് എത്തിയത്. ആക്രമണത്തെത്തുടര്‍ന്ന് ഭയന്നുപോയ ഇരുവരും വൈകാതെ മടങ്ങുമെന്നു സുഹൃത്തു പറഞ്ഞു. രണ്ടു മാസം മുന്‍പ് കോവളം ഹവ്വാ ബീച്ചില്‍ സ്വകാര്യ കാറില്‍ വിദേശി കയറാന്‍ ശ്രമിച്ചപ്പോള്‍ ടാക്‌സി ഡ്രൈവര്‍മാര്‍ തടയുകയും അധിക്ഷേപിക്കുകയും ചെയ്ത സംഭവം ഉണ്ടായിരുന്നു.

 

Back to top button
error: