EnvironmentTRENDING

2050 ഓടെ ഇന്ത്യ കടുത്ത ജലക്ഷാമം നേരിടുമെന്ന് യുഎൻ റിപ്പോർട്ട്

2050 ഓടെ ഇന്ത്യ കടുത്ത ജലക്ഷാമം നേരിടുമെന്ന് യുഎൻ റിപ്പോർട്ട്. 2016ൽ ജലക്ഷാമം നേരിടുന്ന ആഗോള നഗര ജനസംഖ്യ 933 ദശലക്ഷമാണെങ്കിൽ, 2050ഓടെ 170 -240 കോടി ജനങ്ങൾക്ക് കുടിവെള്ളം കിട്ടാത്ത സ്ഥിതിയുണ്ടാകുമെന്നും യുഎൻ മുന്നറിയിപ്പ് നൽകുന്നു. യുഎൻ 2023 ജല സമ്മേളനത്തിന് മുന്നോടിയായി ചൊവ്വാഴ്ച പുറത്തിറക്കിയ ‘യുണൈറ്റഡ് നേഷൻസ് വേൾഡ് വാട്ടർ ഡെവലപ്‌മെന്റ് റിപ്പോർട്ട് 2023: ജലത്തിനായുള്ള പങ്കാളിത്തവും സഹകരണവും’ എന്ന റിപ്പോർട്ടിൽ ജലസമ്മർദ്ദത്തിൽ ജീവിക്കുന്ന 80% ആളുകളും ഏഷ്യയിലാണ് താമസിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഏറ്റവും അധികം ജലദൗർലഭ്യം നേരിടുന്ന രാജ്യമായി ഇന്ത്യമാറുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യക്കു പുറമെ, പാകിസ്ഥാൻ, വടക്കുകിഴക്കൻ ചൈന എന്നി മേഖലകളിൽ കഴിയുന്ന 80% ആളുകളും ജലക്ഷാമം നേരിടുന്നവരാണെന്നും 2023ലെ ലോക ജല വികസന റിപ്പോർട്ടിൽ ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു. ‘ആഗോള ജലപ്രതിസന്ധി നിയന്ത്രണാതീതമാകുന്നത് തടയാൻ ശക്തമായ അന്താരാഷ്ട്ര സംവിധാനങ്ങൾ സ്ഥാപിക്കേണ്ടത് അടിയന്തിര ആവശ്യമാണ്…’ – യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലെ പറഞ്ഞു.

Signature-ad

ആഗോളതലത്തിൽ, രണ്ട് ബില്യൺ ആളുകൾക്ക് സുരക്ഷിതമായ കുടിവെള്ളം ഇല്ലെന്നും 3.6 ബില്യൺ ആളുകൾക്ക് സുരക്ഷിതമായി നിയന്ത്രിത ശുചിത്വം ലഭ്യമല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മനുഷ്യരാശിയുടെ ജീവരക്തമാണ് ജലം. അതിജീവനത്തിന് തന്നെ അത് അത്യന്താപേക്ഷിതമാണ്. ജനങ്ങളുടെയും ഗ്രഹത്തിന്റെയും ആരോഗ്യം, പ്രതിരോധം, വികസനം, സമൃദ്ധി എന്നിവയെ ഒരുപോലെ പിന്തുണയ്ക്കുന്നു. മനുഷ്യരാശി അന്ധമായി അപകടകരമായ പാതയിലൂടെ സഞ്ചരിക്കുകയാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് റിപ്പോർട്ടിൽ പറഞ്ഞു. 50 വർഷത്തിനിടെ ഇതാദ്യമായാണ് ജലം പ്രമേയമാക്കി സമ്മേളനം ചേരുന്നത്.വെള്ളത്തിന്റെ അമിത ഉപഭോഗം നിയന്ത്രിക്കുന്നതിന് ലോകരാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും യുഎൻ അഭ്യർത്ഥിച്ചു.

Back to top button
error: