തിരുവനന്തപുരം: പിഴയടച്ചാണു ദേവികുളം എംഎൽഎ എ.രാജയുടെ നിയമസഭാ പ്രവേശം. നിയമസഭാംഗമായി ചെയ്ത സത്യപ്രതിജ്ഞ പൂർണമാകാത്തതിന്റെ പേരിലാണ്, സത്യപ്രതിജ്ഞ ചെയ്യാതെ സഭയിലിരുന്നതിനു രാജ പിഴയൊടുക്കേണ്ടിവന്നത്. പുതിയ പ്രതിജ്ഞ ചൊല്ലേണ്ടിയും വന്നു.
തമിഴിലാണു രാജ പ്രതിജ്ഞയെടുത്തത്. അവസാനം പരാമർശിക്കേണ്ടിയിരുന്ന ‘ദൈവനാമത്തിൽ’ അല്ലെങ്കിൽ ‘സഗൗരവം’ എന്നിവയിൽ ഏതെങ്കിലും വാക്കിനു തുല്യമായ തമിഴ് വാക്ക് പറയാൻ രാജ വിട്ടുപോയി. നിയമവകുപ്പു തയാറാക്കിയ സത്യപ്രതിജ്ഞാവാചകത്തിൽ ഈ ഭാഗം ഒഴിച്ചിട്ടാണു രാജയ്ക്കു നൽകിയത്. തുല്യമായ തമിഴ്പദം ചേർത്തു രാജ പൂരിപ്പിക്കുമെന്ന് അവർ കരുതി. രാജയാകട്ടെ കയ്യിൽകിട്ടിയത് അതേപടി വായിച്ചു.