Movie

പത്മരാജന്റെ ‘പർവതിക്കുട്ടി’ എന്ന കഥ ‘ശാലിനി എന്റെ കൂട്ടുകാരി’യായി എത്തിയിട്ട് 43 വർഷം

സിനിമ ഓർമ്മ

സുനിൽ കെ ചെറിയാൻ

Signature-ad

പത്മരാജൻ- മോഹൻ കൂട്ടുകെട്ടിലെ ‘ശാലിനി എന്റെ കൂട്ടുകാരി’ക്ക് 43 വയസ്സ്. 1980 മാർച്ച് 21 നായിരുന്നു ജലജ, ശോഭ, സുകുമാരൻ ഇവർ മുഖ്യവേഷങ്ങളിൽ ജീവിച്ച ഈ സൂപ്പർഹിറ്റ് ചിത്രം റിലീസ് ചെയ്തത്. സിനിമ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കെയാണ് ശോഭ ആത്മഹത്യ ചെയ്‌തത്‌. സിനിമയിൽ ശോഭയുടെ ശാലിനി കാൻസർ വന്ന് മരിക്കുകയാണ്.

പത്മരാജന്റെ പർവതിക്കുട്ടി എന്ന കഥയാണ് സിനിമയായത്. വൈകാരികപരമായ ഷോക്കുകൾ ശരീരത്തിലും ആഘാതമേൽപ്പിക്കും എന്നാണ് സിനിമ പറഞ്ഞത്.
എം.ഡി രാജേന്ദ്രൻ-ദേവരാജൻ ടീമിന്റെ എവർഗ്രീൻ ഗാനങ്ങൾ വമ്പിച്ച ജനപ്രീതി നേടി. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജായിരുന്നു പ്രധാന ലൊക്കേഷൻ.
വേണു നാഗവള്ളിയും ശോഭയും സഹോദരീസഹോദരന്മാരാണ്. ശോഭയുടെ കൂട്ടുകാരിയാണ് ജലജ. നാഗവള്ളി എഴുതിയ കവിത ജലജ പാടുന്നതാണ് ‘ഹിമശൈല സൈകത ഭൂമിയിൽ’. സഹോദരിക്ക് ഇഷ്ടമില്ലാത്ത വിവാഹാലോചന ചേട്ടൻ മുടക്കുന്നത് സ്വയം ജീവൻ അവസാനിപ്പിച്ചിട്ടാണ്. ഉത്സാഹത്തിന്റെ അവസാന തുള്ളിയും വറ്റിയ ശോഭ, കോളജിലെ സഹപാഠിയായ രവിമേനോന്റെ പ്രണയാഭ്യർത്ഥന നിരസിക്കുന്നുണ്ട്. രവിമേനോൻ പാടുന്നതാണ് ‘സുന്ദരീ’. തുമ്പ് കെട്ടിയിട്ട ചുരുൾ മുടി എന്നൊക്കെ വിശേഷിപ്പിച്ച ആ മുടി മുറിച്ച് ശോഭ കിടക്കുന്ന മുറിയിൽ രവിമേനോൻ സന്ദർശിക്കുന്നുണ്ട്. രവിമേനോൻ പുതിയ കാമുകിയെ കണ്ടെത്തിയെന്നറിഞ്ഞ ശോഭ, രോഗം ഭേദമായി വന്നാൽ അവളെ നുള്ളുമെന്ന് പറയുന്നു. കോളേജ് ലക്‌ചറർ സുകുമാരന്റെ സ്‌നേഹപൂർണമായ ഇടപെടലുകൾ ശോഭയ്ക്ക് ഒരു തണലാണെങ്കിലും അസുഖം അവളെ കൊണ്ടുപോയല്ലോ. ജയചന്ദ്രനും വാണി ജയറാമും ചേർന്നാലിച്ച ‘കണ്ണുകൾ കണ്ണുകൾ തമ്മിലിടഞ്ഞു’ എന്ന ഗാനം സിനിമയിൽ ഉപയോഗിച്ചില്ല.

Back to top button
error: