ദില്ലി: വീണ്ടും രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കർഷകസംഘടനകൾ. കേന്ദ്ര സർക്കാരിൻറെ നയങ്ങൾക്കെതിരെ മഹാറാലിക്കും ദില്ലിയിൽ നടന്ന കർഷക മഹാപഞ്ചായത്ത് തീരുമാനമെടുത്തു. തെക്കേ ഇന്ത്യയിൽ തുടങ്ങി ഓരോ സംസ്ഥാനത്തും പ്രക്ഷോഭം നടത്തുമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായ്ത്ത് പറഞ്ഞു. ദില്ലി രാം ലീല മൈതാനത്ത് കർഷകരുടെ മഹാപഞ്ചായത്ത് തുടരുകയാണ്.
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അരലക്ഷത്തോളം കർഷകരാണ് കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നത്. രാകേഷ് ടിക്കായത്ത്, ഹനൻ മൊല്ല അടക്കം പ്രധാനപ്പെട്ട നേതാക്കൾ ഒക്കെ തന്നെ നേരിട്ട് പങ്കെടുത്തു കൊണ്ടാണ് കർഷകരുടെ ഈ സമര പ്രഖ്യാപനം. രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക് കർഷകർ വീണ്ടും കടക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടുള്ള കർഷക റാലി രാജ്യവ്യാപകമായി നടത്താനാണ് തീരുമാനം. ഇത് സംബന്ധിച്ചുളള സമരപ്രഖ്യാപനമാണ് ഇന്ന് നടന്നത്. ദില്ലി അതിർത്തിയിലെ കർഷകസമരം അവസാനിപ്പിക്കുമ്പോൾ കർഷകർ മുന്നോട്ട് വച്ച ഏഴിയിന ആവശ്യങ്ങൾ ഇതുവരെ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ല.