കൊല്ലം: ഗൃഹനാഥനെ ഈസ്റ്റ് സിഐയും എസ്‌ഐയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കൊല്ലം ഉമയന്‍നല്ലൂര്‍ പട്ടരുമുക്കില്‍ എസ് ആര്‍ മന്‍സിലില്‍ ഷാജഹാനെ(61)യാണ് മര്‍ദ്ദിച്ചതായി പരാതി. സിഐയും എസ്‌ഐയും ചേര്‍ന്നു സ്റ്റേഷനു പിന്നിലെ മുറിയില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചുവെന്നും മൂക്കില്‍നിന്ന് രക്തസ്രാവം വന്നുവെന്നും ഷാജഹാന്‍ പറയുന്നു.
വടക്കേവിള കൂനംമ്പായികുളത്തിന് സമീപത്ത് തനിക്ക് ഒരു കടമുറിയുണ്ടായിരുന്നു. ഇത് വാടകയ്ക്ക് വേണം എന്നാവശ്യപ്പെട്ട് ഇയാളുടെ സുഹൃത്തായ അന്‍സര്‍ എന്നയാള്‍ ഒരു യുവതിയുമായി എത്തുകയും വാടകയ്ക്ക് നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ താന്‍ മറ്റൊരാള്‍ക്ക് കടമുറി വാടകയ്ക്ക് നല്‍കിയെന്ന് പറഞ്ഞു. അവര്‍ തരുന്നതിലും കൂടുതല്‍ പണം നല്‍കാമെന്നും സ്ത്രീയും അന്‍സറും പറഞ്ഞു. താന്‍ യാതൊരു കാരണവശാലും തരില്ലായെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതരായാണ് അവര്‍ മടങ്ങിയതെന്ന് ഷാജഹാന്‍ പറയുന്നു.
പിറ്റേ ദിവസം രണ്ടു പോലീസുകാര്‍ തന്റെ ഓട്ടോയില്‍ കയറി ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. അവിടെ കൊണ്ടുവന്ന് മണിക്കൂറുകളോളം ഇരുത്തി. തുടര്‍ന്ന് എസ്‌ഐ വന്നപ്പോഴാണ് തനിക്കെതിരെ സ്ത്രീ പരാതി നല്‍കിയതായി അറിയുന്നത്. അവരെ കടന്നുപിടിക്കാന്‍ ശ്രമിച്ചു എന്ന പരാതിയാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇത് വ്യാജ പരാതിയാണെന്നും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതാണെന്നും ഷാജഹാന്‍ പറയുന്നു.
ഇതൊന്നും ചെവിക്കൊള്ളാതെ സ്ത്രീയുടെ മുന്നിലിട്ടു രണ്ടു കവിളിലും എസ്‌ഐ മാറിമാറിയടിച്ചു. തുടര്‍ന്ന് സിഐയും എസ്‌ഐയും സ്റ്റേഷനു പിന്നിലെ മുറിയില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ മലമൂത്രവിസര്‍ജനം നടത്തി. തന്നെക്കൊണ്ട് വിസര്‍ജ്യം വാരിച്ചു. മര്‍ദ്ദനത്തിന് ശേഷം ആള്‍ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.
കലശലായ ശാരീരിക വേദനയെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. മൂക്കില്‍നിന്ന് രക്തസ്രാവം വന്നതോടെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കു പോകേണ്ടിവന്നുവെന്നും ഷാജഹാന്‍ പറയുന്നു. ജില്ലാ പോലീസ് മേധാവിയ്ക്കും ഡിജിപിക്കും ഷാജഹാന്‍ പരാതി നല്‍കിയിട്ടുണ്ട്.