കൊച്ചി: കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി. ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. തൃശൂര്‍ വിയ്യൂര്‍ ജയിലിലെ കൊടുംകുറ്റവാളികളുടെ സെല്ലിലാണ് നിലവില്‍ റിപ്പര്‍ ജയാനന്ദന്‍ കഴിയുന്നത്. കഴിഞ്ഞ പതിനേഴിനാണ് മകളുടെ വിവാഹത്തിന് പതിനഞ്ച് ദിവസത്തെ പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഇന്ദിര ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ ജയാനന്ദന്റെ പരോളിനെ എതിര്‍ക്കുകയും ചെയ്തിരുന്നു. അമ്മയ്ക്ക് വേണ്ടി, അഭിഭാഷകയായ ജയാനന്ദന്റെ മകളാണ് കോടതിയില്‍ ഹാജരായത്.
അഭിഭാഷക എന്ന നിലയില്‍ അല്ല മകള്‍ എന്ന നിലയില്‍ തന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ അച്ഛന് ഒരു ദിവസത്തെ പരോള്‍ അനുമതി നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് കീര്‍ത്തി ജയാനന്ദന്‍ കോടതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉപാധികളോടെ ഹൈക്കോടതി പരോള്‍ അനുവദിക്കുകയായിരുന്നു. വിവാഹത്തിനായി ജയാനന്ദന് തലേദിവസം പൊലീസ് സംരക്ഷണത്തില്‍ വീട്ടില്‍ എത്താം. പിറ്റേദിവസം നടക്കുന്ന വിവാഹത്തില്‍ രാവിലെ 9 മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ ജയാനന്ദന് വീട്ടില്‍ തുടരാമെന്നും കോടതി അറിയിച്ചു. തിരികെ ഇയാള്‍ ജയിലിലേക്ക് മടങ്ങുമെന്ന് മകളും ഭാര്യയും തൃശൂര്‍ ജില്ലാ കോടതിയില്‍ സത്യവാങ്മൂലം നല്‍കണണമെന്നും കോടതി അറിയിച്ചു.
റിപ്പര്‍ ജയാനന്ദന്‍ എന്ന ക്രൂരനായ കൊലപാതകി കൊന്നുതള്ളിയത് ഏഴുപേരെയാണ്. മരണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടവര്‍ നിരവധി. സ്വര്‍ണത്തിനും പണത്തിനും വേണ്ടി ആരെയും നിഷ്ഠൂരം കൊന്നുതളളും. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുളള ജയാനന്ദന്‍ സിനിമകളിലെ അക്രമരംഗങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പല മോഷണങ്ങളും കൊലപാതകങ്ങളും നടത്തിയത്. സ്വര്‍ണവള ഊരിയെടുക്കാന്‍ പ്രയാസമായതിനാല്‍ കൈ വെട്ടിമാറ്റി വളയെടുത്തു. അയാളുടെ ഏഴാമത്തെ കൊലപാതകത്തിന് ശേഷമാണ് പ്രതിയുടെ പേരുപോലും അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഒരു തെളിവും അവശേഷിപ്പിക്കാതെയുള്ള കൊലപാതകങ്ങള്‍ക്കു മുന്നില്‍ സിബിഐക്ക് പോലും മുട്ടുമടക്കേണ്ടിവന്നു.
ആദ്യം വധശിക്ഷക്ക് വിധിച്ച ജയാനന്ദനെ പിന്നീട് ജീവിതാവസാനം വരെ ജയില്‍ശിക്ഷക്ക് വിധിച്ചു. ജയിലിലും അടങ്ങിയിരുന്നില്ല ജയാനന്ദന്‍. രണ്ടുതവണ ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയ ജയാനന്ദനെ ഊട്ടിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. പിന്നീട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് സഹടവുകാരനോടൊപ്പം ജയില്‍ചാടി. പിന്നീട് തൃശൂരില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ജയാനന്ദന്‍ ജയില്‍ചാടുന്നതും പിന്നീടിയാളെ പൊലീസ് പിടികൂടുന്നതും സിനിമയെ വെല്ലുന്ന കഥയാണ്.