കുമരകം: ചെങ്ങളം അയ്യമ്മാത്ര പാലത്തിനു സമീപത്ത് വീട്ടുകാരെ കുരുമുളകുപൊടി സ്പ്രേ ഉപയോഗിച്ച് ആക്രമിച്ച കേസിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അയ്യമ്മാത്ര പാലത്തറ വീട്ടിൽ സോമൻ മകൻ ഷിജു പി.എസ് (45), ചെങ്ങളം മൂന്നുമൂല മറുതാപറമ്പിൽ വീട്ടിൽ ഗോപി മകൻ മഹേഷ് കുമാർ(47) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് അയ്യമ്മാത്ര പാലത്തിനു സമീപത്തുള്ള ശ്രീരാഗിനെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു. ഇവരുടെ വീടിന് മുൻവശം വച്ച് പ്രതികൾ ചീത്ത വിളിച്ചത് ശ്രീരാഗിന്റെ അമ്മ ചോദ്യം ചെയ്യുകയും തുടർന്ന് ഇവർ അമ്മയെ ചീത്തവിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. ഇത് തടയാൻ ചെന്ന ശ്രീരാഗിനെയും സഹോദരനെയും കയ്യിൽ കരുതിയിരുന്ന മുളകുപൊടി സ്പ്രേയും മറ്റും ഉപയോഗിച്ച് ആക്രമിച്ചു.
ഇവരുടെ പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാപോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അക്രമികളെ പിടികൂടുകയുമായിരുന്നു. ഇവരില്‍ ഒരാളായ ഷിജുവിന് കുമരകം സ്റ്റേഷനില്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് നിലവിലുണ്ട്. കുമരകം സ്റ്റേഷൻ എസ്.എച്ച്.ഓ ബിൻസ് ജോസഫ്, എസ്.ഐ സുരേഷ്, എ.എസ്.ഐ സുനിൽകുമാർ കെ.കെ, സി.പി.ഓ മാരായ രാജു, ഷൈജു കുരുവിള, അഭിലാഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.