CrimeNEWS

നാഗമ്പടം സെന്റ് ആന്റണീസ് പള്ളിയിൽ പ്രാർത്ഥനയ്ക്ക് കയറിയ വിദ്യാർത്ഥിനിയുടെ ബാഗ് മോഷ്ടിച്ചു; സമാന കേസുകളിൽ പ്രതിയായ കട്ടപ്പന സ്വദേശി ഹോംനേഴ്സ് പിടിയിൽ

കോട്ടയം: പ്രാർത്ഥനയ്ക്കായി പള്ളിയിൽ കയറിയ വിദ്യാർത്ഥിനിയുടെ മൊബൈലും പണവും അടങ്ങിയ ബാഗ് മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കട്ടപ്പന തൈക്കരിയിൽ വീട്ടിൽ നാരായണൻ മകൻ പ്രദീപ് കുമാർ (40) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ 8.30 മണിയോടുകൂടി നാഗമ്പടം സെന്റ് ആന്റണീസ് പള്ളിയിൽ എത്തിയ അയർക്കുന്നം സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ ബുക്കുകളും മൊബൈൽ ഫോണും പണവും അടങ്ങിയ ബാഗ് മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു. ബാഗ് പള്ളിയുടെ അരികിൽ വെച്ച് പ്രാർത്ഥനക്കായി നിന്ന സമയത്താണ് ഇയാൾ ബാഗുമായി കടന്നു കളഞ്ഞത്.

വിദ്യാർഥിനിയുടെ പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളാണ് മോഷ്ടിച്ചതെന്ന് കണ്ടെത്തുകയും, തുടർന്ന് നടത്തിയ തിരച്ചിലിനോടുവിൽ ഇയാളെ പിടികൂടുകയുമായിരുന്നു. ഇടുക്കി സ്വദേശിയായ ഇയാൾ കുറച്ചു നാളുകളായി കോട്ടയത്തും സമീപപ്രദേശങ്ങളിലുമായി ഹോംനേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു. പ്രതീപിന് ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ സമാനമായ കേസുകൾ നിലവിലുണ്ട്. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യു.ശ്രീജിത്ത്, എസ്.ഐ അനുരാജ് എം.എച്ച്, സി.പി.ഓമാരായ അജിത്ത് എ.വി, അജേഷ് ജോസഫ് എന്നിവരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: