ബംഗളൂരു: കുടുംബകലഹത്തെത്തടുര്‍ന്ന് കോളജ് അധ്യാപികയെ അച്ഛന് അടിച്ചുകൊന്നു. ബംഗളൂരു കൊഡിഗെഹള്ളി സ്വദേശിയും സ്വകാര്യ കോളജിലെ ഫാഷന്‍ ഡിസൈനിങ് വിഭാഗത്തില്‍ അധ്യാപികയുമായ ആര്. ആശ(32)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അച്ഛന് ബി.ആര്. രമേശി(60)നെ അറസ്റ്റ് ചെയ്തു.
ബുധനാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. മകള്‍ മരിച്ച വിവരം വ്യാഴാഴ്ച രാവിലെ രമേശ് തന്നെയാണ് പോലീസ് കണ്ട്രോള് റൂമില്‍ അറിയിച്ചത്. വീട്ടിനുള്ളില്‍ തെന്നിവീണ് മരണം സംഭവിച്ചെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാല്‍, യുവതിയുടെ ശരീരത്തിലെ പരിക്കുകള്‍ സംശയത്തിനിടയാക്കി. തുടര്‍ന്ന് രമേശിനെ വിശദമായി ചോദ്യംചെയ്തതോടെ മകളെ കൊലപ്പെടുത്തിയതാണെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു.
രമേശും ഭാര്യയും മൂത്തമകളായ ആശയുമാണ് കൊഡിഗെഹള്ളിയിലെ വീട്ടില്‍ താമസിച്ചിരുന്നത്. കൊല്ലപ്പെട്ട ആശ അടുത്തിടെയാണ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് മാതാപിതാക്കള്‍ക്കൊപ്പം താമസം തുടങ്ങിയത്. 2020-ല്‍ മാതാപിതാക്കളുടെ എതിര്‍പ്പ് മറികടന്ന് പ്രണയിച്ചയാളെയാണ് ആശ വിവാഹം ചെയ്തിരുന്നത്. എന്നാല്‍, അടുത്തിടെ ദമ്പതിമാര്‍ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ രമേശ് ഏറെ അസ്വസ്ഥനായിരുന്നു.
ബുധനാഴ്ച രാത്രി അച്ഛനും മകളും ഇക്കാര്യത്തെച്ചൊല്ലി വഴക്കിട്ടു. ഇതിനിടെ രമേശ് മരക്കഷണം കൊണ്ട് മകളുടെ തലയ്ക്കടിക്കുകയായിരുന്നു. സംഭവസമയം ആശയുടെ അമ്മ വീട്ടിലുണ്ടായിരുന്നെങ്കിലും മറ്റൊരു മുറിയിലായതിനാല്‍ ഒന്നും അറിഞ്ഞിരുന്നില്ല. മകളെ അടിച്ചുവീഴ്ത്തിയ ശേഷം സ്വന്തം മുറിയിലേക്ക് രമേശും ഉറങ്ങാന്‍ പോയി. പിറ്റേ ദിവസം രാവിലെ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് മകളെ മരിച്ചനിലയില്‍ കണ്ടതെന്നും പോലീസ് പറഞ്ഞു.