KeralaNEWS

മാലിന്യ സംസ്കരണ പ്ലാൻറിനുള്ള അനുമതിക്കായി പഞ്ചായത്ത് അംഗങ്ങളുൾപ്പെടെയുളള യുഡിഎഫ് നേതാക്കൾ കൈക്കൂലി വാങ്ങിയത് വൻ തുക; പരാതിയുമായി പ്രവാസി

കോഴിക്കോട്: ഖരമാലിന്യ സംസ്കരണ പ്ലാന്‍റിനുള്ള അനുമതിക്കായി പഞ്ചായത്ത് അംഗങ്ങളുൾപ്പെടെയുളള യുഡിഎഫ് നേതാക്കൾ വൻതുക കൈക്കൂലി വാങ്ങി വഞ്ചിച്ചതായി പരാതി. കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ ജനപ്രതിനിധികളുൾപ്പെടെയുളളവർക്കെതിരെയാണ് താമരശ്ശേരി സ്വദേശി ഷെരീഫ് പരാതി നൽകിയത്. എന്നാൽ പരാതി വാസ്തവ വിരുദ്ധമെന്നാണ് ആരോപണവിധയരുടെ വിശദീകരണം.

പ്രവാസിയായ താമരശ്ശേരി തച്ചംപൊയിയൽ ഷെരീഫാണ് കട്ടിപ്പാറ പഞ്ചായത്തിലെ ലീഗ് – കോൺഗ്രസ് പ്രതിനിധികൾക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഖരമാലിന്യ സംസ്കരണ പ്ലാന്‍റ് സ്ഥാപിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് അനുമതിയോടെ സംരംഭം തുടങ്ങാനിരിക്കുകയായിരുന്നു ഷെരീഫ്. കട്ടിപ്പാറ പഞ്ചായത്തിലെ നാലാംവാർഡിൽ പാട്ടത്തിനെടുത്ത നാലേക്കറാണ് ഇതിനായി കണ്ടുവച്ചത്. പഞ്ചായത്ത് അനുമതിയുൾപ്പെടെയഉളളവ ഒരാഴ്ച കൊണ്ട് ശരിയാക്കിത്തരാമെന്ന് പറഞ്ഞാണ് നേതാക്കൾ പണം വാങ്ങിയതെന്ന് ഷെരീഫ് പറയുന്നു. 2 വർഷം മുമ്പായിരുന്നു ഇത്. എന്നാൽ അനുമതി കിട്ടിയില്ലെന്ന് മാത്രമല്ല, നൽകിയ പണം തിരികെ ചോദിക്കുമ്പോൾ ഭീഷണിയെന്നും ഷെരീഫ് പറഞ്ഞു.

പണം കൈമാറിയതിന്‍റെ ഡിജിറ്റൽ തെളിവുകളും ഫോൺ റെക്കോർഡിംഗും സഹിതമാണ് ഷെരീഫ് താമരശേരി പൊലീസില്‍ പരാതി നൽകിയിട്ടുളളത്. എന്നാൽ മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്കുളള റോഡ് ഉൾപ്പെടെയുളള മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് ഷെരീഫിന് ലൈസൻസ് നൽകാഞ്ഞത് എന്നാണ് പഞ്ചായത്ത് വിശദീകരണം. ലൈസൻസ് നൽകാമെന്ന പേരിൽ പണം വാങ്ങിയിട്ടില്ലെന്നും, പാർട്ടി ഫണ്ടിലേക്ക് പലരിൽ നിന്നും പണം സ്വീകരിച്ചിട്ടുണ്ടെന്നും ആരോപണ വിധേയരായ നേതാക്കൾ വിശദമാക്കി. ആരോപണം പരിശോധിച്ച് ആവശ്യമെങ്കിൽ വിജിലൻസിന് കൈമാറുമെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: