NEWSPravasi

റാസല്‍ഖൈമയില്‍ മൂന്ന് ദിവസത്തേക്ക് ഫൈനുകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ ഫൈനുകള്‍ക്ക് പരിമിത കാലത്തേക്ക് അന്‍പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു. റാസല്‍ഖൈമ പബ്ലിക് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റിന് (RAKPSD) കീഴില്‍ വരുന്ന നിയമലംഘനങ്ങള്‍ക്ക് ലഭിച്ച ഫൈനുകള്‍ക്കായിരിക്കും ഈ ഇളവ് ലഭിക്കുക. മാര്‍ച്ച് 20 മുതല്‍ 23 വരെയുള്ള മൂന്ന് ദിവസങ്ങളില്‍ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍ അറിയിച്ചു.

പരിസ്ഥിതി ചട്ടങ്ങളുടെ ലംഘനം ഉള്‍പ്പെടെ റാസല്‍ഖൈമ പബ്ലിക് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് ലഭിച്ച ഫൈനുകള്‍ക്കെല്ലാം മൂന്ന് ദിവസത്തേക്ക് 50 ശതമാനം ഇളവ് ലഭിക്കും. ചപ്പു ചവറുകള്‍ വലിച്ചെറിയുക, പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുക, വിലക്കുള്ള സ്ഥലങ്ങളില്‍ പുകവലിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കും ട്രക്കുകളുടെ ടോള്‍ ഗേറ്റ് നിയമലംഘനങ്ങളും ഇതിന്റെ പരിധിയില്‍ വരും. മാര്‍ച്ച് 20ന് ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം ആഗോള തലത്തില്‍ ‘അന്താരാഷ്‍ട്ര സന്തോഷ ദിനം’ ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഫൈനുകള്‍ അടയ്ക്കുന്നവര്‍ക്ക് വേണ്ടി ഇത്തരമൊരു ഇളവ് അനുവദിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

Back to top button
error: