ബംഗളൂരു: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വക്കീല്‍ നോട്ടിസിനു മറുപടി നല്‍കുമെന്ന് സ്വപ്ന സുരേഷ്. എല്ലാ ജില്ലകളിലും പോലീസ് കേസെടുത്താലും തന്നെ പേടിപ്പിക്കാമെന്നു കരുതേണ്ടെന്നും വിജേഷിനൊപ്പം ഹോട്ടലില്‍ ഉണ്ടായിരുന്നയാളെ പൊലീസ് കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.
”എനിക്ക് എം.വി. ഗോവിന്ദനെ അറിയില്ല. ഞാന്‍ രാഷ്ട്രീയത്തിന്റെ ഭാഗമല്ല. എന്തിനാണ് എനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയതെന്നും അറിയില്ല. എം.വി. ഗോവിന്ദനെതിരെയല്ല ഞാന്‍ പറഞ്ഞത്. എന്നോടു പറഞ്ഞയാള്‍ ഗോവിന്ദന്റെ പേരു പറഞ്ഞുവെന്നാണ് പറഞ്ഞത്. നോട്ടീസ് കിട്ടുമ്പോള്‍ എന്റെ അഭിഭാഷകന് മറുപടി നല്‍കും.” -സ്വപ്ന പറഞ്ഞു.
വിജേഷ് പിള്ളക്കെതിരായ പരാതിയില്‍ സ്വപ്ന സുരേഷ് കടുഗോഡി പോലീസ് സ്റ്റേഷനില്‍ ഹാജരായി മൊഴി നല്കിയ ശേഷമായിരുന്നു പ്രതികരണം. ഇന്ന് രാവിലെ പത്തേകാലോടെയാണ് സ്വപ്ന സുരേഷ് സ്റ്റേഷനില്‍ ഹാജരായത്. വിശദമായ മൊഴി നല്‍കിയെന്നും വിജേഷിന്റെ ഒപ്പമുള്ള അജ്ഞാതനെ പൊലീസ് കണ്ടെത്തുമെന്നു പ്രതീക്ഷിക്കുന്നതായും സ്വപ്ന മാധ്യമങ്ങളോടു പ്രതികരിച്ചു.