തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള ഫെബ്രുവരി മാസത്തെ ശമ്പളത്തിന്റെ രണ്ടാംഗഡു വിതരണം അനിശ്ചിതത്വത്തില്‍. സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന മുറയ്ക്ക് മാത്രമേ രണ്ടാം ഗഡു നല്‍കുവെന്നാണ് കെഎസ്ആര്‍ടിസിയുടെ നിലപാട്. ജനുവരിയിലെ വിഹിതത്തില്‍ 20 കോടിയും ഫെബ്രുവരിയിലെ 50 കോടി രൂപയുമാണ് ധനവകുപ്പ് അനുവദിക്കാനുള്ളത്. ഇത് അനുവദിക്കുന്നതില്‍ ധനവകുപ്പില്‍നിന്ന് നടപടികളായിട്ടില്ല. അതേസമയം, ഗഡുക്കളായി ശമ്പളം നല്‍കുന്നതില്‍ പ്രത്യക്ഷ സമരത്തിന് തയാറെടുക്കുകയാണ് യൂണിയനുകള്‍. സമരം പ്രഖ്യാപിച്ചിട്ടുള്ള ബി.എം.എസ് പണിമുടക്ക് തീയതി ഇന്ന് യോഗം ചേര്‍ന്ന് തീരുമാനിക്കും.
എല്ലാ ജീവനക്കാര്‍ക്കും പാതി ശമ്പളം നല്‍കിയെന്നും ശമ്പളം ഗഡുക്കളായി നല്‍കാനുള്ള തീരുമാനത്തിനെതിരേ ഇതുവരെ ആരും രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നുമാണ് കെഎസ്ആര്‍ടിസി കോടതിയില്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍, എതിര്‍പ്പുള്ളതിനാലാണ് കോടതിയെ സമീപിച്ചതെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ അറിയിച്ചു. ബാങ്ക് കുടിശികയും മറ്റും അടയ്ക്കാന്‍ ആദ്യ ആഴ്ച ശമ്പളം നല്‍കണമെന്ന ജീവനക്കാരുടെ അഭ്യര്‍ഥന മാനിച്ചാണു ശമ്പളം രണ്ടു ഗഡുക്കളായി നല്‍കാന്‍ തീരുമാനിച്ചതെന്നും ആര്‍ക്കും ശമ്പളം നിഷേധിക്കുന്നില്ലെന്നും കെഎസ്ആര്‍ടിസി നേരത്തെ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.
കെഎസ്ആര്‍ടിസിയില്‍ തല്‍ക്കാലം സമരം തുടരില്ലെന്ന് കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) നേതാക്കള്‍ മന്ത്രി ആന്റണി രാജുവുമായി നടന്ന ചര്‍ച്ചയില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍, ശമ്പളം ഗഡുക്കളായി നല്‍കുന്ന നിലപാട് അംഗീകരിക്കില്ലെന്ന് ചര്‍ച്ചയില്‍ സിഐടിയു നേതാക്കള്‍ വ്യക്തമാക്കി.