തൃശൂര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നു തൃശൂരിലെത്തുന്നു. 2024 ലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിനു മുന്നോടിയായാണ് അദ്ദേഹമെത്തുന്നത്. ഉച്ചയോടെ നെടുമ്പാശേരിയിലെത്തുന്ന അമിത് ഷാ 1.30 നു ഹെലികോപ്റ്റര്‍ മാര്‍ഗം തൃശൂരിലെത്തും. 2 നു ശക്തന്‍ തമ്പുരാന്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തും. 3 നു ജോയ്‌സ് പാലസ് ഹോട്ടലില്‍ നടക്കുന്ന പാര്‍ലമെന്റ് മണ്ഡലം നേതൃയോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. അടുത്ത ഒരു വര്‍ഷത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനരേഖ നേതാക്കന്മാര്‍ അവതരിപ്പിക്കും.
3.45 നു വടക്കുന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. 4.30 നു തേക്കിന്‍കാട്ടിലെ പൊതുയോഗത്തില്‍ പ്രസംഗിക്കും. ദേശീയ വക്താവ് പ്രകാശ് ജാവഡേക്കര്‍, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി എം.ടി.രമേശ്, സുരേഷ് ഗോപി, ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്‌കുമാര്‍, സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും. സുരേഷ് ഗോപി പ്രസംഗിക്കുമെന്നതാണ് ശ്രദ്ധേയം. പാര്‍ട്ടിപദവി അനുസരിച്ചു ഏറെപ്പേരെ മറികടന്നാണു സുരേഷ് ഗോപി വേദിയിലെത്തുന്നത്. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥി സുരേഷ് ഗോപിയാണെന്നതിന്റെ അനൗദ്യോഗിക പ്രഖ്യാപനം കൂടിയാണിതെന്ന വിലയിരുത്തലുമുണ്ട്.