ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍റാവുവിന്റെ മകളും ബി.ആര്‍.എസ് എംഎല്‍സിയുമായ കെ.കവിതയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ചോദ്യം ചെയ്യും. വ്യാഴാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി. കവിതയ്ക്ക നോട്ടീസ് നല്‍കി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബര്‍ 12-ന് കവിതയെ സി.ബി.ഐ ഏഴു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
മദ്യനയ വിവാദത്തില്‍പ്പെട്ട കമ്പനിയായ ഇന്‍ഡോ സ്പിരിറ്റില്‍ കവിതയ്ക്ക് 65 ശതമാനം ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇ.ഡി കേസെടുത്തത്. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് അരുണ്‍ പിള്ള എന്ന ബിസിനസുകാരനെ ഇ.ഡി കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ കവിതയുടെ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയില്‍ ജോലി ചെയ്തിരുന്നതായാണ് വിവരം.
ഡല്‍ഹിയില്‍ പുതിയ മദ്യക്കച്ചവട നയം കൊണ്ടുവന്നതില്‍ അഴിമതിയാരോപിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി.ബി.ഐ. അറസ്റ്റുചെയ്ത് ദിവസങ്ങള്‍ക്കു ശേഷമാണ് ഇ.ഡിയുടെ നീക്കം. മദ്യനയത്തിലെ ക്രമക്കേടുകളുടെപേരില്‍ സിസോദിയ അടക്കം 15 പേര്‍ക്കെതിരേയായിരുന്നു കേസെടുത്തിരുന്നത്. സിസോദിയ അടക്കം ഇതുവരെ പത്തു പേരാണ് അറസ്റ്റിലായത്.