രാജ്യത്ത് പിരിച്ചുവിടൽ മൂലം തൊഴിൽ മേഖല പ്രതിസന്ധിയിലാണ്. ആയിരക്കണക്കിന് ജീവനക്കാരെ വിവിധ വൻകിട ടെക് കമ്പനികളും സ്റ്റാർട്ടപ്പുകളും ഒഴിവാക്കുന്നത് യുവാക്കൾക്കിടയിൽ കനത്ത നിരാശയുണ്ടാക്കിയിട്ടുണ്ട്. വരും മാസങ്ങളിൽ കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഈ പരിതാപകരമായ സാഹചര്യം ഉണ്ടായിരുന്നിട്ടും, ഇന്ത്യയിൽ ഇപ്പോഴും പല കമ്പനികളും നിരവധി പേരെ ജോലിക്കെടുക്കുന്നുണ്ട്. ഇതിൽ ഐടി മേഖലയാണ് മുന്നിൽ.
ജോബ് പോർട്ടൽ നൗക്രിയുടെ റിപ്പോർട്ട് അനുസരിച്ച്, 2023 ജനുവരിയെ അപേക്ഷിച്ച് 2023 ഫെബ്രുവരിയിൽ ഇന്ത്യയിലെ നിയമനങ്ങൾ തുടർച്ചയായ വളർച്ച രേഖപ്പെടുത്തി, അതേസമയം കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് സ്ഥിരത നിലനിർത്തി. റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി മേഖലകൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇടിവ് നേരിടുമ്പോൾ ഐ.ടി മേഖല നല്ല തിരിച്ചുവരവിന്റെ സൂചന നൽകി. കഴിഞ്ഞ മൂന്ന് മാസമായി നെഗറ്റീവ് പ്രവണതകൾ നേരിട്ട ഐ.ടി മേഖല ഫെബ്രുവരിയിൽ തുടർച്ചയായി 10 ശതമാനം വളർച്ച കൈവരിച്ചു.
മുതിർന്ന പ്രൊഫഷണലുകൾ ജോലി നേടുന്നതിൽ ആധിപത്യം പുലർത്തുന്നുണ്ടെങ്കിലും, പുതിയ ബിരുദധാരികളുടെ ആവശ്യവും കൂടി വരുന്നു. വലിയ തോതിലുള്ള പുതിയ റിക്രൂട്ട്‌മെന്റുകൾ നടത്തുന്ന മികച്ച ടെക്- കൺസൾട്ടൻസി സ്ഥാപനങ്ങൾ ഇവയാണ്.
പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ്
ഇന്ത്യയിൽ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി, അക്കൗണ്ടിംഗ്, കൺസൾട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് ഇന്ത്യ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 30,000 പേരെ നിയമിക്കാൻ പദ്ധതിയിടുന്നു. രാജ്യത്തെ ജീവനക്കാരുടെ എണ്ണം 80,000 ആയി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ 50,000ത്തിലധികം ജീവനക്കാരുണ്ട്. കഴിഞ്ഞ വർഷം ഭുവനേശ്വർ, ജയ്പൂർ, നോയിഡ എന്നിവിടങ്ങളിൽ കമ്പനി ഓഫീസുകൾ തുറന്നു. ഇന്ത്യയിൽ അസോസിയേറ്റ്‌സ് മുതൽ മാനേജർ വരെയുള്ള വിവിധ പദവികളിൽ കമ്പനി നിയമിക്കുന്നുണ്ട്.
ഇൻഫോസിസ്
ഇൻഫോസിസിൽ നിലവിൽ 4,263 തൊഴിലവസരങ്ങളുണ്ടെന്ന് പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് സൈറ്റായ ലിങ്ക്ഡ്ഇൻ പറയുന്നു. മൊത്തത്തിൽ, പ്രധാന ഒഴിവുകൾ എൻജിനീയറിങ് – സോഫ്റ്റ്വെയർ & ക്യുഎ വിഭാഗം, കൺസൾട്ടിംഗ്, പ്രോജക്ട് ആൻഡ് പ്രോഗ്രാം മാനേജ്മെന്റ് എന്നിവയാണ്.
എയർ ഇന്ത്യ
ദ്രുതഗതിയിലുള്ള നവീകരണ പദ്ധതികളുടെയും മറ്റും ഭാഗമായി, എയർ ഇന്ത്യ ഈ വർഷം 900 പുതിയ പൈലറ്റുമാരെയും 4,000ലധികം ക്യാബിൻ ക്രൂ അംഗങ്ങളെയും നിയമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ മെയിന്റനൻസ് എൻജിനീയർമാരെയും പൈലറ്റുമാരെയും നിയമിക്കാനും കമ്പനി ശ്രമിക്കുന്നു.
ടിസിഎസ്
കമ്പനി റിക്രൂട്ട്‌മെന്റ് നിർത്തുന്നില്ലെന്ന് ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ ഹ്യൂമൻ റിസോഴ്‌സ് മേധാവി മിലിന്ദ് ലക്കാട് അടുത്തിടെ പറഞ്ഞിരുന്നു. നാലാം പാദത്തിൽ ഏതാനും ആയിരം പേരെ കമ്പനി നിയമിക്കുമെന്നും അല്ലെങ്കിൽ നിശബ്ദരാകാമെന്നും അദ്ദേഹം വ്യക്തമാക്കി.
വിപ്രോ
വിപ്രോയിൽ നിലവിൽ ഇന്ത്യയിൽ 3,292 തൊഴിലവസരങ്ങളുണ്ടെന്ന് ലിങ്ക്ഡ്ഇൻ പറയുന്നു. എഞ്ചിനീയറിംഗ് – സോഫ്റ്റ്‌വെയർ, ഐടി & വിവര സുരക്ഷ തുടങ്ങിയ വൈവിധ്യമാർന്ന ഒഴിവുകളാണുള്ളത്.