കെ.എസ് സേതുമാധവൻ സംവിധാനം ചെയ്ത പി കേശവദേവിൻ്റെ ‘ഓടയിൽ നിന്ന്’ അഭ്രപാളികളിലെത്തിയിട്ട് ഇന്ന് 58 വർഷം

സിനിമ ഓർമ്മ
പി കേശവദേവ് രചിച്ച ‘ഓടയിൽ നിന്ന്’ അഭ്രപാളികളിലെത്തിയിട്ട് 58 വർഷം. 1965 മാർച്ച് 5 നാണ് ഛായാഗ്രാഹകൻ പി രാമസ്വാമി നിർമ്മിച്ച ഈ ചിത്രത്തിന്റെ റിലീസ്. ദേവിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരം, സത്യന്റെ അഭിനയത്തികവ് കൊണ്ടും കെ.എസ് സേതുമാധവന്റെ സംവിധാനത്തിളക്കം കൊണ്ടും അവിസ്‌മരണീയമായി.
നീതികേട് അനുഭവിക്കുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധിയായ പപ്പു അയാളുടെ കൂടി സഹായത്താൽ സമ്പന്നരായ ജനതയുടെ തിരസ്‌ക്കാരം അനുഭവിച്ച് അവഗണനയുടെയും ഒടുവിൽ മരണത്തിന്റെയും ഓടയിലേയ്ക്ക് വീണു പോയ ഉള്ളുലയ്ക്കുന്ന കഥയാണ് കേശവദേവ് പറഞ്ഞത്. സമൂഹത്തിന്റെ താഴേത്തട്ടിൽ ജീവിക്കുന്നവരെക്കുറിച്ചും സാഹിത്യമെഴുതാം എന്ന് മൗലികതയോടെ കാണിച്ചു തന്നു കേശവദേവ് 1940 കളിൽ.
അനാഥനും തന്റേടിയുമായ പപ്പുവിന്റെ (സത്യൻ) റിക്ഷാവണ്ടി തട്ടി പാവപ്പെട്ട ലക്ഷ്‌മി എന്ന ബാലിക ഓടയിൽ വീഴുന്നു. അച്ഛൻ നഷ്ടപ്പെട്ട ലക്ഷ്‌മിയും (‘അമ്മേ അമ്മേ നമ്മുടെ അമ്പിളിയമ്മാവനെപ്പോ വരും’) പപ്പുവും സുഹൃത്തുക്കളായി. പപ്പു അവളുടെ വിദ്യാഭ്യാസച്ചിലവുകൾ വഹിക്കുന്നു. ലക്ഷ്‌മി (കെ.ആർ വിജയ) കോളജിലെത്തിയതോടെ നിറം മാറി. പപ്പുവിനെ രക്ഷാകർത്താവായി അംഗീകരിക്കാൻ അവൾക്ക് മടി. ധനാഢ്യനായ ഗോപി (നസീർ) യുമായുള്ള മകളുടെ കല്യാണം പപ്പുവിന്റെ സാന്നിധ്യം മൂലം മുടങ്ങുമോ എന്ന ചിന്ത ലക്ഷ്‌മിയുടെ അമ്മയ്ക്കുമുണ്ട് (കവിയൂർ പൊന്നമ്മ). ഒടുവിൽ ഗോപി തന്നെ വേണ്ടി വന്നു അവർക്ക് പപ്പുവിന്റെ മഹത്വമറിയാൻ. ക്ഷയരോഗിയായിക്കഴിഞ്ഞ അയാൾ അപ്പോഴേയ്ക്കും വീട് വിട്ടിറങ്ങിയിരുന്നു.
ഒരു ജന്മിയുടെ മകനായി സുരേഷ് ഗോപി ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
വയലാർ-ദേവരാജന്മാരുടെ പാട്ടുകളിൽ ‘കാറ്റിൽ, ഇളം കാറ്റിൽ ഒഴുകി വരും ഗാനം,’ ‘അമ്പലക്കുളങ്ങരെ കുളിക്കാൻ ചെന്നപ്പോൾ അയലത്തെ പെണ്ണുങ്ങൾ കളിയാക്കി’ തുടങ്ങിയവ എവർഗ്രീൻ ഹിറ്റുകളായിരുന്നു. :ഓ റിക്ഷാവാലാ’ എന്ന ഗാനം മെഹ്ബൂബ്, വിദ്യാധരൻ എന്നിവരാണ് പാടിയത്.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ






