അപകടം പറ്റി കിടപ്പിലായ ശേഷം മകൾ തന്നെ ശുശ്രൂഷിക്കാൻ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് കൊണ്ട് കുടുംബകോടതിയിൽ കേസുമായി ഒരച്ഛന്. മകളിൽ നിന്നും ജീവനാവശ്യമായി ഓരോ മാസവും 1,500 യുവാൻ (17,816 രൂപ) ആവശ്യപ്പെട്ട് കൊണ്ടാണ് ചൈനക്കാരനായ അച്ഛന് മകൾക്കെതിരെ കേസ് കൊടുത്തത്. ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ പുയാങ്ങിൽ താമസിക്കുന്ന ഷാങ് എന്നയാളാണ് മകൾക്കെതിരെ കേസുമായി കോടതിയെ സമീപിച്ചത്. കാറപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ ഷാങ്ങിനെ ശുശ്രൂഷിക്കാന്‍ മകൾ വിസമ്മതിച്ചതാണ് ഇത്തരത്തിൽ ഒരു നടപടിക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
കോളേജ് വിദ്യാർത്ഥിയായ മകളോട് തന്നെ ശുശ്രൂഷിക്കാൻ വരണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും മകൾ വന്നില്ലെന്ന് ഇയാൾ ആരോപിക്കുന്നു. പഠനം മുടക്കി വീട്ടിലേക്ക് വരാൻ മകൾ വിസമ്മതിക്കുകയായിരുന്നുവെന്നും ഇയാൾ പറയുന്നു. തന്റെ അവസ്ഥ വ്യക്തമാക്കിക്കൊണ്ട് നിരവധി തവണ മകൾക്ക് സന്ദേശമയച്ചെങ്കിലും അവൾ മറുപടിയൊന്നും തന്നില്ല. നിരവധി തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും ഇദ്ദേഹം പറയുന്നു. താൻ തുടർച്ചയായി മകളെ വിളിച്ചതോടെ മകൾ തന്റെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തെന്നും അദ്ദേഹം ആരോപിച്ചു. അതോടെ തനിക്ക് മകളെ ഒരു തരത്തിലും ബന്ധപ്പെടാൻ കഴിയാതെ വന്നെന്നും തന്നെ ശുശ്രൂഷിക്കാൻ ഇപ്പോൾ ആരും ഇല്ലെന്നും ഇയാൾ പറയുന്നു.
തന്റെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്ത മകളുടെ നടപടിയിൽ പ്രകോപിതനായാണ് മകൾക്കെതിരെ കേസുമായി അദ്ദേഹം കോടതിയെ സമീപിച്ചത്. തനിക്ക് ജീവനാംശമായി മകൾ പ്രതിമാസം 1500 യുവാൻ നൽകണമെന്നാണ് അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടത്. ഏകദേശം പതിനെട്ടായിരം രൂപയോളം വരുമിത്. എന്നാൽ, കോളേജിൽ നിന്ന് തനിക്ക് അവധി കിട്ടാത്തതിനാലാണ് താൻ വരാതിരുന്നതെന്ന് ഷാങ്ങിന്റെ മകൾ കോടതിയിൽ പറഞ്ഞു. കൂടാതെ തനിക്ക് രണ്ട് സഹോദരന്മാർക്ക് കൂടിയുണ്ടെന്നും അവരെ പിതാവിന്റെ ശുശ്രൂഷയ്ക്കായി വിളിക്കാതെ തന്നെ മാത്രമാണ് ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കാൻ പിതാവ് ശ്രമിക്കുന്നതെന്നും മകൾ കോടതിയെ അറിയിച്ചു.
ചൈനീസ് സിവിൽ കോടതിയുടെ ആർട്ടിക്കിൾ 26 അനുസരിച്ച്, “മുതിർന്ന മക്കള്‍ക്ക് അവരുടെ മാതാപിതാക്കളെ പിന്തുണയ്ക്കാനും സംരക്ഷിക്കാനും ബാധ്യതയുണ്ട്”. മകള്‍ ഇപ്പോഴും കോളേജിൽ പഠിക്കുന്നുണ്ടെന്ന വസ്തുത കണക്കിലെടുത്ത്, ഭാരിച്ച തുക അവൾക്ക് താങ്ങാനാകില്ലെന്ന് കോടതി വിലയിരുത്തി. പകരം, അച്ഛനോട് കൂടുതൽ കരുണയോടെ പെരുമാറാനും പഠനം തടസപ്പെടാതെ തന്നെ അച്ഛനെ പരിപാലിക്കാൻ അനുയോജ്യമായ ഒരു മാർഗം കണ്ടെത്താനും കോടതി മകളെ ഉപദേശിച്ചു.