Fiction

പരാജയത്തിനു മുന്നില്‍ പതറരുത്, കഠിനമായി അദ്ധ്വാനിക്കുന്നവര്‍ക്ക് ജീവിതം ഉയരങ്ങള്‍ കരുതിവെച്ചിട്ടുണ്ട്

പ്രാചീന ഗ്രീസിലെ അതിസമ്പന്നരായ മാതാപിതാക്കളുടെ ഏകമകനായിരുന്നു ദെമോസ്തനീസ്. അവന്‍ തീരെ കുഞ്ഞായിരിക്കുന്നമ്പോള്‍ അമ്മ മരിച്ചു. ഏഴാം വയസ്സില്‍ അച്ഛനും അവനെ വിട്ടുപോയി. മുത്തശ്ശന്‍ മാത്രമായിരുന്നു ദെമോസ്തനീസിന്റെ ഏക ആശ്രയം. മറ്റു ബന്ധക്കളെല്ലാം ചേർന്ന് അവന്റെ സ്വത്തുമുഴുവന്‍ സ്വന്തമാക്കി. അവന് നല്ല ഭക്ഷണമോ, വിദ്യാഭ്യാസമോ, വസ്ത്രമോ അവര്‍ നല്‍കിയില്ല. മുത്തശ്ശന്‍ ബന്ധുക്കളോട് അവന് വേണ്ടി കേണപേക്ഷിച്ചെങ്കിലും അവര്‍ അതൊന്നും കേട്ടഭാവം നടിച്ചില്ല. നല്ല ഭക്ഷണമില്ലാതെ, വസ്ത്രമില്ലാതെ ആ കുഞ്ഞ് പല അസുഖങ്ങളുമായി വളര്‍ന്നു. വളര്‍ച്ചയുടെ ഏതോ ഘട്ടത്തില്‍ വിക്കും ദെമോസ്തനീസിനെ പിടികൂടി. ആളുകള്‍ അവനെ ഭ്രാന്തനെന്ന് വിളിച്ചു. ഒരിക്കല്‍ അച്ഛന്റെ കൂട്ടുകാരന്‍ അവനെ കണ്ടപ്പോള്‍ ചോദിച്ചു:

“എന്തിനാണ് നീയിങ്ങനെ ഒരു ഭ്രാന്തനെപ്പോലെ കിടന്ന് അലയുന്നത്. നിനക്ക് വൃത്തിയായി നടന്നുകൂടെ, നല്ല വസ്ത്രം ധരിച്ചുകൂടെ, നിന്റെ അച്ഛന്റെയും അമ്മയുടേയും സ്വത്ത് നിനക്കുള്ളതല്ലേ…”

ഈ ചോദ്യം കേട്ട് ഒന്നും മിണ്ടാതെ അവന്‍ നടന്ന് കവലയിലെത്തി. അവിടെ ഒരാള്‍ പ്രസംഗിക്കുന്നുണ്ടായിരുന്നു. അയാളുടെ പ്രസംഗം തീര്‍ന്നപ്പോഴും അവന്‍ അവിടേയ്ക്ക് തന്നെ നോക്കി നിന്നു. അവന്റെ കണ്ണുകള്‍ തിളങ്ങി.
അവന്‍ തന്നോട് തന്നെ പറഞ്ഞു. ‘എനിക്ക് നല്ലൊരു പ്രഭാഷകനാകണം.’ അവന്‍ ഒരു ഡോക്ടറെ കണ്ട് തന്റെ വിക്ക് മാറ്റി തരണമെന്ന് ആവശ്യപ്പെട്ടു. വിക്ക് ഒരിക്കലും മാറ്റാന്‍ സാധിക്കില്ലെന്നും അതുമായി പൊരുത്തപെടാനും ഡോക്ടര്‍ ഉപദേശിച്ചു. പിന്നീട് അവന്‍ സമീപത്തെ ലൈബ്രറിയില്‍ കയറി ധാരാളം പുസ്തകങ്ങള്‍ എടുത്തു, അതുമായി തന്റെ കുടുസ്സുമുറിയില്‍ ഇരുന്നു വായിച്ചു. ദിവസം പതിനാറ് മണിക്കൂറോളം വായനക്കായി ചിലവിട്ടു. അങ്ങനെ രണ്ട് വര്‍ഷങ്ങള്‍ കടന്നുപോയി. അവന്‍ പ്രസംഗിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. പക്ഷേ വിക്ക് കാരണം ഒരു വരിപോലും മുറിയാതെ പറയാന്‍ സാധിച്ചില്ല. ആളുകള്‍ കളിയാക്കി, ഭ്രാന്തന്‍ എന്ന് വിളിച്ചു.

അവന്‍ കടല്‍ക്കരയിലേക്ക് പോയി… അവിടെ നിന്ന് ഉറക്കെ തനിക്ക് പറയാനുളളതെല്ലാം കടലിനോട് പറഞ്ഞു. മുറിഞ്ഞുപോയ വാക്കുകളെ കൂട്ടിച്ചേര്‍ത്തു. കുന്നിന്‍മുകളില്‍ ഓടിക്കയറി അവിടെ നിന്നും ഉറക്കെയുറക്കെ സംസാരിച്ചുകൊണ്ടിരുന്നു. നാവിനടിയില്‍ കല്ല് വച്ച് അവന്‍ പരിശീലനം തുടര്‍ന്നു. അവന് ഇരുപത് വയസ്സായി. മുത്തശ്ശനോട്, തന്റെ സ്വത്ത് മുഴുവന്‍ താന്‍ തിരിച്ച് വാങ്ങാന്‍ പോവുകയാണെന്ന് അവൻപറഞ്ഞു. അവന്‍ ബന്ധുക്കള്‍ക്കെതിരെ കേസ് കൊടുത്തു. അവര്‍ അവനെ ഭീഷണിപ്പെടുത്തി. കോടതിയില്‍ കേസ് വാദിക്കാന്‍ പ്രഗത്ഭരായ വക്കീലിനെ ഏര്‍പ്പെടുത്തി. പക്ഷേ, തന്റെ കേസ് ദെമോസ്തനീസ് സ്വന്തമായി വാദിക്കാനാണ് തീരുമാനിച്ചത്. വാദിക്കാനായി അയാള്‍ എഴുന്നേറ്റപ്പോഴേ കോടതിയിലെ ആളുകള്‍ മുഴുവന്‍ കളിയാക്കി ചിരിച്ചു. പക്ഷേ, പിന്നീട് പിറന്നത് ചരിത്രമായിരുന്നു. 40 മിനിറ്റ് നീണ്ടുനിന്ന കോടതിമുറിയിലെ തന്റെ വാദത്തില്‍ തനിക്കനുകൂലമായ തെളിവുകളും രേഖകളും ഒന്നൊന്നായി എണ്ണിപ്പറഞ്ഞ് ഒരു വാഗ്മിയുടെ വാക്ചാതുര്യത്തോടെ കത്തിക്കയറിയ ദെമോസ്തനീസിന്റെ വാക്കുകള്‍ അവിടെകൂടിയ ആളുകളെ കോരിത്തരിപ്പിച്ചു.
ആ ഒരൊറ്റ വാദത്തിലൂടെ ഭ്രാന്തന്‍ എന്ന് വിളിച്ചവര്‍ ആദരവോടെ തന്നെ നോക്കുന്നത് കണ്ട് അവൻ പുഞ്ചിരിച്ചു.

ആ വാര്‍ത്തകള്‍ രാജാവിന്റെ ചെവിയിലുമെത്തി. രാജാവ് അവനെ രാഷ്ട്രീയ ഉപദേഷ്ടാവായി നിയമിച്ചു. ഇന്ന് ദേമോസ്തനീസ് അറിയപ്പെടുന്നത് പ്രസംഗകലയുടെ പിതാവ് എന്നാണ് പരിഹാസങ്ങളും വിമര്‍ശനങ്ങളും കളിയാക്കലുകളും നേരിടേണ്ടി വരാം. ഇത് ജീവിതമാണ്. പക്ഷേ, അതിനുമുന്നില്‍ പതറാതെ പരിശ്രമിക്കുന്നവര്‍ക്ക് ജീവിതം ഉയരങ്ങള്‍ കരുതിവെച്ചിട്ടുണ്ടാകും.
ആത്മവിശ്വാസം വീണ്ടെടുക്കുക… ഏവർക്കും ശുഭദിനം

സൂര്യനാരായണൻ

ചിത്രം: നിപു കുമാർ

Back to top button
error: