ആലപ്പുഴ: ജില്ലാ പഞ്ചായത്ത് അംഗവും കായംകുളം ഏരിയ കമ്മിറ്റി അംഗവുമായ യുവനേതാവിനെതിരായ ഗാര്‍ഹിക പീഡനപരാതി ആയുധമാക്കി സിപിഎമ്മിലെ എതിര്‍ചേരി. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ ക്രൂരമായി മര്‍ദിച്ചുവെന്ന പരാതിയാണ് പാര്‍ട്ടി നേതൃത്വത്തിനും പോലീസിനും ലഭിച്ചിരിക്കുന്നത്. ആരോപണവിധേയനായ യുവനേതാവ് നാട്ടില്‍നിന്ന് മാറിനില്‍ക്കുകയാണ്.
സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവും എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ മുന്‍ ഭാരവാഹിയുമായിരുന്നു മര്‍ദനമേറ്റ യുവതി. തദ്ദേശ സ്ഥാപന ഭാരവാഹിയും പാര്‍ട്ടി കായംകുളം ഏരിയ കമ്മിറ്റി അംഗവുമാണ് യുവനേതാവ്. മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെച്ചൊല്ലി ഇവരുടെയിടയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. പല തവണ പാര്‍ട്ടി നേതൃത്വം ഇടപെട്ട് പ്രശ്പരിഹാരത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഔദ്യോഗിക വാഹനത്തിന്റെ ബോര്‍ഡ് മറച്ച്, ബന്ധമുള്ള സ്ത്രീയുമായി യാത്ര പോയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് യുവനേതാവ് ഭാര്യയെ ക്രൂരമായി മര്‍ദിച്ചത്. പരുക്കേറ്റ് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്നാണ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ യുവതിയുടെ പിതാവ് മുഖ്യമന്ത്രിക്കും പാര്‍ട്ടി നേതൃത്വത്തിനും പരാതി നല്‍കിയത്. മര്‍ദനവിവരം പുറത്തുവന്നതോടെ ഇന്നലെ രാത്രിയോടെ യുവതിയുടെ വീട്ടിലെത്തി പോലീസ് മൊഴി രേഖപ്പെടുത്തി.
കായംകുളത്തെ ചേരിപ്പോരില്‍ ഒരു പക്ഷത്ത് സജീവമായി നിലകൊള്ളുന്ന നേതാവിനെതിരായ ആരോപണം പാര്‍ട്ടിക്ക് പുതിയ തലവേദനയായി. കുടുംബപ്രശ്‌നമെന്ന നിലയില്‍ ആദ്യം ഇതിനെ അവഗണിച്ചെങ്കിലും പോലീസ് മൊഴി രേഖപ്പെടുത്തിയതോടെ പാര്‍ട്ടിക്കും വിഷയം പരിശോധിക്കേണ്ടിവരും. ആരോപണം നേരിടുന്ന യുവനേതാവിന്റെ എതിര്‍ചേരി നടപടിയുണ്ടാകണമെന്ന ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്.