കെ.പി.സി.സി നേതൃത്വത്തിലെ ഭിന്നത റായ്പുരിൽ എ.ഐ.സി.സി.പ്ലീനറി സമ്മേളന വേദിയിലും പ്രതിധ്വനിച്ചു. കെ.പി.സി.സി. അംഗങ്ങളായി 60 പേരെ നാമനിർദേശംചെയ്യുന്നതിന് നേതൃത്വം നൽകിയ പട്ടിക അനിശ്ചിതത്വത്തിലായി. കൂടിയാലോചനകളില്ലാതെയാണ് കെ.പി.സി.സി. നേതൃത്വം മുന്നോട്ടുപോകുന്നതെങ്കിൽ പുനഃസംഘടനയിലും സമവായത്തിന് ശ്രമിക്കേണ്ട എന്ന് എ, ഐ വിഭാഗങ്ങളുടെ നിലപാട്.
തുടർന്ന് ഗ്രൂപ്പ് പോരിനെതിരെ കെ.പി.സി.സി പ്രസിഡൻ്റ് കെ സുധാകരന് രംഗത്തെത്തി.
കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രതിസന്ധി ഗ്രൂപ്പ് നേതാക്കളാണെന്ന് കെ സുധാകരന് അഭിപ്രായപ്പെട്ടു. പാര്‍ട്ടിക്കകത്തെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇത്തരം നേതാക്കന്മാരാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ശത്രുക്കളെന്നും ഇടംകോലിട്ട് പാര്‍ട്ടിയെ ബുദ്ധിമുട്ടിച്ചാല്‍ എന്തുവേണമെന്ന് ഗൗരവമായി ആലോചിക്കുമെന്നും സുധാകരന് മുന്നറിയിപ്പ് നല്കി. പ്ലീനറി സമ്മേളനത്തിനു ശേഷം മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ഗ്രൂപ്പ് രാഷ്ട്രീയത്തിന് കേരളത്തില്‍ ഇനി സ്ഥാനമില്ല. ഗ്രൂപ്പ് രാഷ്ട്രീയത്തെ അംഗീകരിച്ചുകൊണ്ടുപോകാന് പാര്‍ട്ടി നേതൃത്വം തയ്യാറല്ല. ആര്‍ക്കെങ്കിലും ഇക്കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ ആ സംശയം അവര്‍ മാറ്റിവെക്കുന്നതാണ് നല്ലത്. പാര്‍ട്ടിയുടെ താഴേത്തട്ടു മുതല്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഇടുങ്ങിയ ചിന്താഗതിയില്‍ അമര്‍ന്നുപോയ ഒരുപാട് നേതാക്കന്മാരുണ്ട് കേരളത്തില്‍. അവര്‍ക്കെല്ലാം മോചനം നല്കാന് നേതൃത്വം ശ്രമിച്ചു. ഞങ്ങളാരും ഗ്രൂപ്പുണ്ടാക്കാന്‍ പോയിട്ടില്ല. ഇനി ഗ്രൂപ്പ് ഉണ്ടാക്കില്ല’
സുധാകരന് പറഞ്ഞു.
ഗ്രൂപ്പ് നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിനെതിരേയുള്ള ഉന്നയിക്കുന്ന ആരോപണങ്ങള്‍ ബാലിശമാണ്. എല്ലാവരോടും ചര്‍ച്ചചെയ്താണ് പാര്‍ട്ടി മുന്നോട്ടുപോകുന്നതെന്നും കൊടിക്കുന്നില്‍ സുരേഷിന്റെ വിമര്‍ശനം സംബന്ധിച്ച ചോദ്യത്തോട് സുധാകരന് പ്രതികരിച്ചു.
കഴിവും മികവും ജനസമ്മിതിയുമുള്ള പ്രവര്‍ത്തകരേയാണ് നേതാക്കന്മാരായി പാര്‍ട്ടിക്ക് ആവശ്യം. അവരെ കണ്ടെത്തി അതാത് സ്ഥാനങ്ങളില്‍ നിയോഗിക്കും. അതില്‍ ചര്‍ച്ചചെയ്തില്ല, സമ്മതം ചോദിച്ചില്ല എന്നൊന്നും പറയാന്‍ ആര്‍ക്കും അവകാശമില്ല. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതാക്കള്‍ക്ക് അതിനുള്ള അധികാരവും അവകാശവുമുണ്ടെന്നും സുധാകരന് വ്യക്തമാക്കി.
കെ.പി.സി.സി. അംഗങ്ങളായി സംസ്ഥാനനേതൃത്വം നിർദേശിച്ച പട്ടികയ്ക്കെതിരേ റായ്പുർ സമ്മേളനത്തിന് തൊട്ടുമുമ്പുതന്നെ എ, ഐ വിഭാഗങ്ങൾ രംഗത്തെത്തിയിരുന്നു. തുടർന്ന് പട്ടികയ്ക്ക് അനുമതിനൽകാൻ കേന്ദ്രനേതൃത്വം വിസമ്മതിച്ചു. ഈ പട്ടികയിൽ നിർദേശിക്കപ്പെട്ടവർക്ക് എ.ഐ.സി.സി. പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതിനൽകി.
പട്ടികയുടെപേരിൽ കേരളത്തിൽ തുടങ്ങിയ അസ്വാരസ്യം റായ്പുരിലേക്കും വളർന്നു. മുതിർന്ന നേതാക്കളോട് ആലോചിക്കാതെ കെ. സുധാകരനും വി.ഡി. സതീശനും ഏകപക്ഷീയമായി തീരുമാനമെടുത്തു എന്നായിരുന്നു എ, ഐ ഗ്രൂപ്പ് നേതൃത്വത്തിന്റെ മറുപടി. ഈ വികാരം രമേശ് ചെന്നിത്തല റായ്പുരിലും തുറന്നുപറഞ്ഞു.
ഗ്രൂപ്പ് മാനേജർമാരുടെ പക്കൽനിന്ന് പട്ടികവാങ്ങി ഭാരവാഹികളെ വെക്കാനാകില്ലെന്ന് സതീശൻ തിരിച്ചടിച്ചു. കെ.പി.സി.സി. അംഗങ്ങളെ നിശ്ചയിച്ചതിൽ ചർച്ചയുണ്ടായില്ലെന്ന് കൊടിക്കുന്നിൽ സുരേഷ്, പി.സി വിഷ്ണുനാഥ് എന്നിവരുടെ പരസ്യപ്രതികരണവും വന്നു.
തുടർന്ന് സമ്മേളനവേദിയിൽത്തന്നെ സംസാരിച്ച് ധാരണയുണ്ടാക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചു. കെ. സുധാകരൻ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, എം.എം. ഹസൻ എന്നിവർ എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തണമെന്നായിരുന്നു തീരുമാനം. എന്നാൽ അവസാനനിമിഷം യോഗം പിറ്റേദിവസത്തേക്ക് മാറ്റി. സമാപനദിവസമായതിനാൽ അന്നും ചേരാനായില്ല.