കോട്ടയം: ലോകസിനിമയുടെ വലിയ ക്യാൻവാസുമായി കോട്ടയത്തെ ഇന്റനാഷണലാക്കിയ പകലിരവുകൾ സമ്മാനിച്ച ചലച്ചിത്രമേള അനുഭവത്തിന് ഇന്ന് കൊടിയിറക്കം. ചലച്ചിത്ര ആരാധകരെ അഞ്ചുദിവസക്കാലം ആവേശത്തിലാഴ്ത്തിയ കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന പരിപാടികൾ വൈകിട്ട് അഞ്ചിന് അനശ്വര തിയേറ്റിൽ നടക്കും. സമാപന ചിത്രമായി ഇറാനിയൻ സിനിമ ‘നോ ബിയേഴ്സ്’ പ്രദർശിപ്പിക്കും.
ഇന്ത്യ, ഇറാൻ, ഫ്രാൻസ്, ജർമനി, സ്പെയിൻ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 39 സിനിമകളാണ് മേളയിൽ നിറഞ്ഞ സദസിന് മുന്നിൽ പ്രദർശിപ്പിച്ചത്. സുവർണ ചകോരം നേടിയ ബൊളിവീയൻ ചിത്രം ഉതമ, ഫിറാസ് കൗരി സംവിധാനം ചെയ്ത ആലം, സ്പാനിഷ് ചിത്രം പ്രിസൺ 77, ഡാരൺ അർണോഫ്സ്കിയുടെ ദ് വെയ്ൽ, ഇറാനിയൻ ചിത്രം ലൈലാസ് ബ്രദേഴ്സ്, മലയാള ചിത്രം നൻപകൽ നേരത്ത് മയക്കം തുടങ്ങിയ ചിത്രങ്ങളെല്ലാം ഹൗസ് ഫുള്ളായിരുന്നു. വൈകുന്നേരങ്ങളിൽ നടന്ന ഓപ്പൺ ഫോറത്തിലും ചലച്ചിത്ര പ്രേമികളുടെ വലിയ സാന്നിധ്യമാണ് ഉണ്ടായത്. മേളയ്ക്ക് നിറം പകരാനായി തമ്പിൽ അരങ്ങേറിയ കലാ പരിപാടികൾ ചലച്ചിത്രമേളയുടെ വൈകുന്നേരങ്ങളെ നിറഭരിതമാക്കി.
അനശ്വര, ആഷ തിയേറ്ററുകൾ, സി.എം.എസ്. കോളേജ് എന്നിവിടങ്ങളിലായിരുന്നു ചലച്ചിത്ര പ്രദർനം. കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ കോട്ടയം ഫിലിം സൊസൈറ്റിയുടേയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും ചലച്ചിത്ര സംഘടനകളുടെയും സഹകരണത്തോടെയാണ് കോട്ടയത്തെ ആദ്യ രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിച്ചത്.