ചെന്നൈ: 2021 ഏപ്രിലിലാണ് തമിഴ് സിനിമ ലോകത്തെ പ്രമുഖ താരമായ വിവേക് അന്തരിച്ചത്. അപ്രതീക്ഷിത വിയോഗമായിരുന്നു താരത്തിന്‍റെത്. കൊവിഡാനന്തര രോഗങ്ങളാല്‍ കഷ്ടപ്പെട്ട വിവേക് ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. നിരവധി സിനിമകളില്‍ സുപ്രധാന വേഷം ചെയ്ത് വരവെയായിരുന്നു താരത്തിന്‍റെ വിടവാങ്ങല്‍.
ശങ്കർ ചിത്രം ഇന്ത്യൻ 2 ആയിരുന്നു വിവേക് മരിക്കുന്ന സമയത്ത് പകുതിയില്‍ നിര്‍ത്തിയ പ്രധാന ചിത്രം. കമൽഹാസനൊപ്പം വിവേക് അഭിനയിച്ച ആദ്യത്തെ ചിത്രമായിരുന്നു ഇത്. ‘ഇന്ത്യൻ 2’വിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ വിവേകിന് സാധിച്ചില്ല. കൊവിഡിന് മുന്‍പ് തുടങ്ങിയ ഇന്ത്യന്‍ 2 ഇടയ്ക്ക് ഷൂട്ടിംഗ് ലൊക്കേഷനിലെ അപകടം അടക്കം കാര്യങ്ങളാല്‍ നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് വിക്രത്തിന്‍റെ വിജയത്തിന് ശേഷമാണ് ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചത്.
ഇതേ സമയം ചിത്രത്തില്‍ വിവേകിന്‍റെ റോളിന് പകരം പുതിയ താരം വരും എന്നായിരുന്നു റിപ്പോര്‍ട്ട്. ഇന്ത്യൻ 2 ലെ വിവേകിന്റെ രംഗങ്ങൾ മാറ്റി മറ്റൊരാളെ കൊണ്ട് ചെയ്യിക്കുമെന്ന തരത്തിൽ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാൽ, ചിത്രത്തിലെ അദ്ദേഹത്തിന്റെ ഭാഗങ്ങൾ നീക്കം ചെയ്യുകയോ പകരക്കാരനെ കൊണ്ടുവരികയോ ഇല്ല എന്നാണ് പുതിയ വാര്‍ത്ത.
അന്തരിച്ച ഹാസ്യ നടൻ വിവേക് അവതരിപ്പിച്ച കഥാപാത്രത്തിന് മാറ്റമൊന്നുമില്ലെന്ന് സംവിധായകൻ ശങ്കർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഇതോടെ അന്തരിച്ച താരത്തിനെ ഒരിക്കല്‍ കൂടി ബിഗ് സ്ക്രീനില്‍ കാണാനുള്ള അവസരമാണ് പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്. ചിത്രത്തിന്‍റെ അവസാന രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത് എന്നാണ് വിവരം. ധനുഷ്കോടിയില്‍ ചിത്രീകരിക്കുന്ന രംഗങ്ങളോടെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് അവസാനിക്കും എന്നാണ് വിവരം. അടുത്ത സംക്രാന്തിക്ക് ചിത്രം തീയറ്ററില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളായ ലെക്ക പ്രൊഡക്ഷന്‍ തയ്യാറെടുക്കുന്നത്.
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. കമലഹാസന് മികച്ച നടനുള്ള മൂന്നാമത്തെ ദേശീയ അവാര്‍ഡ് നല്‍കിയ 1996ലെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്‍റെ തുടര്‍ച്ചയാണ് ‘ഇന്ത്യന്‍ 2’. കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ത്ഥ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ഗുല്‍ഷന്‍ ഗ്രോവര്‍, ബോബി സിംഹ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.