മോഹൻലാലിനെ നായകനാക്കി ഇന്ദ്രജിത്ത് സിനിമ സംവിധാനം ചെയ്യുന്നുവെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. സംവിധാന അരങ്ങേറ്റം ഉടൻ പ്രഖ്യാപിക്കും എന്നും വാര്‍ത്തകളുണ്ടായി. തിരക്കഥയും ഇന്ദ്രജിത്തിന്റേതാണ് എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത് വ്യാജ വാര്‍ത്ത ആണെന്ന് വ്യക്തമാക്കി ഇന്ദ്രജിത്ത് രംഗത്ത് എത്തിയിരിക്കുകയാണ്.
ഇന്ദ്രജിത്ത് സുകുമാരൻ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതി പൂര്ത്തിയാക്കിയാക്കിയിരിക്കുകയാണ്. മോഹൻലാലുമായി ഇതിനകം ചര്‍ച്ചകള്‍ നടത്തി എന്നുമായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണ് എന്ന് വ്യക്തമാക്കിയ ഇന്ദ്രജിത്ത് പ്രചരിക്കുന്ന കാര്യങ്ങള്‍ യാതൊരു വാസ്തവവുമില്ലെന്ന് അറിയിച്ചു. ഇന്ദ്രിജിത്ത് ഒടിടി പ്ലേയോടായിരുന്നു ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
ഇന്ദ്രജിത്ത് മോഹൻലാലിനൊപ്പം ‘റാം’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രണ്ട് ഭാഗങ്ങളായിട്ടായിരിക്കും ചിത്രത്തിന്റെ റിലീസ്. സംയുക്ത, തൃഷ കൃഷ്ണൻ, ആദില്‍ ഹുസൈൻ, അനൂപ് മേനോൻ, ദുര്‍ഗ കൃഷ്ണ, സിദ്ധിഖ്, സായ് കുമാര്‍, വിനയ് ഫോര്‍ട്ട്. ചന്ദുനാഥ്, സുരേഷ് ചന്ദ്ര മേനോൻ, പ്രിയങ്ക നായര്‍, കലാഭവൻ ഷാജോണ്‍, അഞ്ജലി നായര്‍, ലിയോണ ലിഷോയ്, ആനന്ദ് മഹാദേവൻ, ജ സുരേഷ് കുമാര്‍ എന്നിവരും മോഹൻലാലും ഇന്ദ്രജിത്തിനുമൊപ്പം ‘റാമി’ല്‍ വേഷമിടുന്നു. യുകെ, ഇസ്രായേല്‍ എന്നിവടങ്ങളിലെ ഷെഡ്യൂള്‍ ചിത്രത്തിന്റേതായി ഇനി പൂര്‍ത്തിയാക്കാനുണ്ട് എന്നും റിപ്പോര്‍ട്ടുണ്ട്.
മോഹൻലാല്‍ ‘മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതിനാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ് ‘മലൈക്കോട്ടൈ വാലിബൻ. ഏറ്റവും ചര്‍ച്ചയായി മാറിയ ഒരു സിനിമാ പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനാകുന്നത്. രാജസ്ഥാനിലാണ് മോഹൻലാല്‍ ചിത്രത്തിന്റെ ചിത്രീകരണം.