ദില്ലി: മദ്യനയ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. മാർച്ച് നാല് വരെയാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. മദ്യനയത്തിൽ ഗൂഢാലോചന നടന്നത് അതീവ രഹസ്യമായെന്നും അന്വേഷണം മുന്നോട്ട് പോകാന്‍ മനീഷ് സിസോദിയയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു. സിബിഐയുടെ ആവശ്യം കോടതി അംഗീകരിച്ചു. സിബിഐ ജഡ്ജി എൻ കെ നാഗ്പാലാണ് ഉത്തരവ് നൽകിയത്. മാർച്ച് നാല് രണ്ട് മണിക്ക് സിസോദിയയെ വീണ്ടും ഹാജരാക്കണം.
തനിക്കെതിരായ തെളിവ് ഹാജരാക്കണമെന്ന് മനീഷ് സിസോദിയ കോടതിയിൽ വാദിച്ചു. തന്നെ പ്രതിയാക്കാന്‍ ഏത് ഫോണ്‍കോളാണ് തെളിവെന്നും സിസോദിയ ചോദിച്ചു. മുതിര്‍ന്ന അഭിഭാഷകന് ദയന്‍ കൃഷ്ണനാണ് സിസോദിയക്ക് വേണ്ടി ഹാജരായത്. മനീഷ് സിസോദിയയുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധമാണ് എഎപി ഇന്ന് ഉയര്‍ത്തിയത്. ദില്ലിയിലെ എഎപി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പിന്നാലെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.